ന്യൂഡെൽഹി: രാമ ജന്മഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് തുടക്കം കുറിക്കുന്നു. ക്ഷേത്ര നിർമാണത്തിന് മുന്നോടിയായി ഓഗസ്റ്റ് ആദ്യവാരം ഭൂമി പൂജ നടത്തും. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ അയോധ്യയിൽ ശനിയാഴ്ച ചേർന്ന ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിന്റേതാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിച്ച് ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനാണ് തീരുമാനം. ഈ തീയതികളിൽ ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി അറിയിക്കുന്ന പക്ഷം അന്നുമുതൽ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്ന് ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ അറിയിച്ചു. നേരത്തെ ജൂലായ് രണ്ടിന് ക്ഷേത്ര നിർമാണത്തിനായി ഭൂമി പൂജ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് മാറ്റിവെയ്ക്കുകയായിരുന്നു.
മഴക്കാലത്തിന് ശേഷം രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ പത്ത് കോടിയോളം വരുന്ന കുടുംബങ്ങളിൽ നിന്ന് ക്ഷേത്ര നിർമാണത്തിനായുള്ള സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യവും ചർച്ച ചെയ്തതായി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു.
നിർമാണത്തിനായുള്ള അടിസ്ഥാന ആവശ്യങ്ങൾ പൂർത്തിയാകുന്ന പക്ഷം മൂന്ന് മുതൽ മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.