തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കൊറോണ ; അങ്കമാലിയിൽ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ

കൊച്ചി: തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ എട്ട് പോലീസുകാരെ നിരീക്ഷണത്തിലാക്കി. തുറവൂര്‍ സ്വദേശിയായ പ്രതിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂര്‍ സ്വദേശിയെ മറ്റു രണ്ടു പേര്‍ക്കൊപ്പം പോലീസ് പിടികൂടിയത്. ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പ്രതികളിലൊരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കത്തില്‍ വന്ന പോലീസുകരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അതേസമയം, എറണാകുളം ജില്ലയില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. ജില്ലയില്‍ ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിലെല്ലാം രോഗവ്യാപനം രൂക്ഷമാണ്. ചെല്ലാനം ക്ലസ്റ്ററില്‍ പുതുതായി 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു ദിവസം കൊണ്ട് 97 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ചെല്ലാനത്ത് മാത്രം കൊറോണ ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 170 ആയി.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനം പൂര്‍ണമായും അടച്ചു പൂട്ടിയിരിക്കുകയാണ്. എങ്കിലും രോഗബാധ പുറത്തേക്ക് പടരുമോ എന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്. ചെല്ലാനത്ത് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പൂര്‍ത്തിയായി. ഇതോടെ ഗുരുതരമായ രോഗികളെ മാത്രം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയാല്‍ മതിയെന്നാണ് തീരുമാനം.