സംസ്ഥാനത്ത് വഴിയോരത്തും വീടുകളില്‍ കൊണ്ടുവന്നുമുള്ള മത്സ്യവില്‍പ്പന പൂര്‍ണമായും നിരോധിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി വഴിയോരത്തും വീടുകളില്‍ കൊണ്ടുവന്നുമുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചു.

മത്സ്യബന്ധന-വിപണന മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യ ലേലവും നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ രോഗ വ്യാപനം ശക്തമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് ആരംഭിക്കും.

പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം ഉണ്ടായതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തെ തീര പ്രദേശങ്ങളെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് ലോക്ക്ഡൗണ്‍. ഉറവിടം അറിയാതെ രോഗം പടരുന്നവരുടെ എണ്ണം കൂടിയതോടെയാണ് സമൂഹ വ്യാപനം എന്ന സ്ഥിരീകരണത്തിൽ സർക്കാർ എത്തിയത്.

ആലപ്പുഴ ജില്ലയിലും മത്സ്യ ബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.