മുംബൈ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്രയിലെ മന്ത്രിയും കോൺഗ്രസ് നേതാവുമായ യശോമതി താക്കൂർ രംഗത്ത്. രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ചപ്പോഴാണ് യശോമതി ബിജെപി നേതാക്കളെ ‘ഗോബർ കെ കീടെ’ അഥവാ ചാണകത്തിലെ പുഴുക്കൾ എന്ന് വിളിച്ചത്. ജനാധിപത്യ സർക്കാറുകളെ അട്ടിമറിക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരായാണ് മന്ത്രി രംഗത്ത് വന്നത്.
അതേസമയം യശോമതിയുടെ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് രാം കദം രംഗത്ത് വന്നു. ജനങ്ങൾ തെരഞ്ഞെടുത്ത ബിജെപി എംഎൽഎമാരെ അവഹേളിക്കുന്ന പ്രസ്താവനയാണിതെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലും മധ്യപ്രദേശിലും അധികാരം പിടിച്ച ബിജെപി തങ്ങളുടെ അടുത്ത ലക്ഷ്യം രാജസ്ഥാനും തുടർന്ന് മഹാരാഷ്ട്രയും ആണെന്ന് പ്രഖ്യാപിച്ചിരുന്നു.
‘ബിജെപി കർണാടകയിലും മധ്യപ്രദേശിലും ഇപ്പോൾ രാജസ്ഥാനിലും കുതിരക്കച്ചവടം നടത്തുകയാണ്. മഹാരാഷ്ട്രയിൽ അവരുടെ കളികൾ നടക്കില്ല. ഞങ്ങളുടെ സർക്കാർ കാലാവധി പൂർത്തിയാക്കും. ഇവിടത്തെ പല ബിജെപി നേതാക്കളും ഞങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. ഞങ്ങളുടെ എംഎൽ.എമാരെ ചാക്കിട്ട് പിടിക്കാൻ നടക്കാതെ സ്വന്തംകാര്യം നോക്കലാണ് മഹാരാഷ്ട്രയിൽ ബിജെപിക്ക് നല്ലത്’-എന്നാണ് യശോമതി പറഞ്ഞത്.