ന്യൂഡെൽഹി: ഭാരത് ബയോടെകിന്റെ കൊറോണ വൈറസിനുള്ള ‘കോവാക്സിൻ’ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. മൂന്നുപേരിൽ നടത്തിയ പരീക്ഷണത്തിൽ പ്രതികരണം അനുകൂലമാണെന്നും പാർശ്വഫലങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് അറിയിച്ചു. പിജിഐ റോത്തക്കിലാണ് പരീക്ഷണം നടത്തിയത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചതാണ് കോവാക്സിൻ. ആദ്യ ഗവേഷണ ഫലങ്ങൾ വിജയകരമായതിന്റെ അടിസ്ഥാനത്തിൽ വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്. ‘കോവാക്സി’ന്റെ ക്ലിനിക്കൽ ട്രയൽ ചൊവ്വാഴ്ച ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) ആരംഭിച്ചിരുന്നു. ക്ലിനിക്കൽ ട്രയലിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതി ലഭിച്ച 12 സ്ഥാപനങ്ങളിൽ ഒന്നാണ് നിംസ്.
ഐസിഎം ആറിന്റെ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രോഗികളുടെ സാമ്പിളുകളിൽനിന്ന് ശേഖരിച്ച കൊറോണയുടെ ജനിതകഘടകങ്ങൾ ഉപയോഗിച്ചാണ് ഭാരത് ബയോടെക്ക് ‘ബിബിവി152 കോവിഡ് വാക്സിൻ’ വികസിപ്പിച്ചത്.