ഓംലെറ്റും റമ്മിൽ കുരുമുളക് പൊടിയും ചേർത്ത് കഴിച്ചാല്‍ രോഗം തുരത്താം; വിചിത്രവാദവുമായി കൗണ്‍സിലർ

മം​ഗളൂരു: കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിനായി കാത്തിരിക്കുകയാണ് ലോകം. വൈറസ് വ്യാപിച്ചപ്പോൾ തന്നെ നിരവധി വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു. അത്തരത്തിലൊരു വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് മം​ഗളൂരുവിലെ കൊറോണ പ്രതിരോധ കമ്മിറ്റി അംഗമായ കോൺ​ഗ്രസ് കൗൺസിലർ. റം കഴിച്ചാല്‍ കൊറോണ മാറുമെന്നാണ് ഉല്ലാല്ലിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ രവിചന്ദ്ര ഗാട്ടിയയുടെ നിര്‍ദേശം.

ഓംലെറ്റും റമ്മിൽ കുരുമുളക് പൊടിയും ചേർത്ത് കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് രവിചന്ദ്ര പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് കൊറോണ രോ​ഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പരാമർശം.

“ബെംഗളൂരുവിലും മഡിക്കേരിയിലും റം കുടിക്കുന്ന ധാരാളം പേരുണ്ട്, പക്ഷെ ഞാൻ കുടിക്കില്ല, മീനും കഴിക്കില്ല. നിങ്ങൾ ഒരു ടീസ്പൂൺ നിറയെ കുരുമുളക് പൊടി 90 മില്ലി റമ്മിൽ ഇട്ട്, നന്നായി ഇളക്കി കുടിക്കുക. പകുതി വേവിച്ച രണ്ട് ഓംലെറ്റുകളും ഇതിനൊപ്പം കഴിക്കുക. ഞാൻ ധാരാളം മരുന്നുകൾ പരീക്ഷിച്ചു, പക്ഷേ ഇത് മാത്രമാണ് പ്രവർത്തിച്ചത്. ഞാൻ ഇത് നിർദ്ദേശിക്കുന്നത് ഒരു രാഷ്ട്രീയക്കാരനായല്ല, കൊറോണ കമ്മിറ്റി അംഗം എന്ന നിലയിലാണ്,“രവിചന്ദ്ര ഗാട്ടി പറഞ്ഞു.