പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലേയിലെത്തി; സൈനികരുമായി ആശയവിനിമയത്തിൽ

ലഡാക്ക് : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീരിലെ ലേയിലെത്തി. സ്റ്റാക്‌നയിലെ ലേ സൈനിക ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രി സൈനികരും സേനാ കമാന്‍ഡര്‍മാരുമായും കൂടിക്കാഴ്ച നടത്തി.

ലേയില്‍ സൈന്യത്തിന്റെ പാരാ ഡ്രോപ്പിങ് സൈനികാഭ്യാസവും മന്ത്രി വീക്ഷിച്ചു. തുടര്‍ന്ന് സൈന്യത്തിന്റെ പികാ മെഷിന്‍ ഗണ്ണിന്റെ പ്രവര്‍ത്തനവും മന്ത്രി പരിശോധിച്ചു. മന്ത്രി തോക്കെടുത്തപ്പോള്‍, അതില്‍ ഉന്നം പിടിക്കുന്നതിന്റെയും കാഞ്ചി വലിക്കുന്നതിന്റെയുമെല്ലാം വിധം കരസേനാ മേധാവി കാണിച്ചു കൊടുത്തു. കരസേന മേധാവി എംഎം നരാവ്‌നെ, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരും പ്രതിരോധമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കശ്മീര്‍ അതിര്‍ത്തിയിലെത്തിയത്. നിയന്ത്രണ രേഖയില്‍ ചൈനയുമായുളള സംഘര്‍ഷത്തിന് ശേഷമുളള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനം. മേഖലയിലുള്ള സൈനികരുമായി രാജ്‌നാഥ് സിങ് ആശയവിനിമയം നടത്തും.

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വര, ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര പോസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറാന്‍ ഒരുക്കമാണെങ്കിലും ഫിംഗര്‍ പ്രദേശത്ത് നിന്ന് പൂര്‍ണമായും പിന്മാറില്ലെന്ന് ചൈന വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ പ്രദേശത്ത് നിന്നും പൂര്‍ണ്ണമായും പിന്മാറില്ലെന്ന നിലപാടിലാണ് ചൈന.