മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണിയുണ്ടാകും; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പുതിയ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നോ സംസ്ഥാനകമ്മിറ്റിയിൽ നിന്നോ ഉള്ള ഒരാൾക്ക് ഓഫീസ് ചുമതല നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നറിയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലിൽ നിൽക്കെ മുഖം രക്ഷിക്കാൻ വേണ്ട ചില സുപ്രധാന തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാ​ഗമായി ഓഫീസിൽ ചില അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന.

സ്പ്രിംക്ലർ കരാറില്‍ അടക്കം മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച നേതാക്കൾ പുതിയ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ജാ​ഗ്രതക്കുറവുണ്ടായി എന്ന നിലപാടിലാണ്. പരസ്യമായി മുഖ്യമന്ത്രിയെ പിന്തുണക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാണ്. മുഖ്യമന്ത്രിക്ക് കീഴിലെ ഐടി വകുപ്പിൽ നടന്ന പിൻവാതിൽ നിയമനങ്ങളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. യോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ശ്രദ്ധേയമായിരിക്കും.

ശിവശങ്കറിന്‍റെ ഇടപെടലുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായി എന്നാണ് പാർട്ടി വിലയിരുത്തൽ. ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറി അഡി. പ്രൈവറ്റ് സെക്രട്ടറി തലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം വി ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായി പോയതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം പൂർണമായും ശിവശങ്കറിലേക്ക് എത്തുന്നത്.