കോൺഗ്രസിനെ വട്ടംചുറ്റിച്ച് ബിജെപിയെ മോചിപ്പിച്ച് അവസാന തന്ത്രം മെനഞ്ഞ് സച്ചിൻ

ജയ്പൂർ: കോൺഗ്രസ് നേതൃത്വത്തെ വട്ടം ചുറ്റിച്ച് സച്ചിൻ പൈലറ്റ്. ബിജെപിയിലേക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും കോൺഗ്രസ് നേതാക്കൾക്ക് വഴങ്ങാതെ വിലപേശൽ തുടരുന്ന സച്ചിന് ലക്ഷ്യം ഒന്നേയുള്ള, രാജസ്ഥാൻ മുഖ്യമന്ത്രി പദം.അശോക് ഗലോട്ടിനെ താഴെയിറക്കാതെ ഇത് നടക്കിലെന്നറിയാവുന്നതിനാൽ ഏതു വിധേയനെയും മുഖ്യമന്ത്രി കസേരയിൽ നിന്ന് ഗെലോട്ടിനെ ഇറക്കാനുള്ള നീക്കത്തിലാണ് സച്ചിൻ. ഈ ലക്ഷ്യത്തിന് ഒറ്റയ്ക്ക് പൊരുതി ജനസമ്മിതി തെളിയിക്കാനിറങ്ങിയിരിക്കുകയാണീ യുവനേതാവ്. അതിന് ഇനി കാത്തിരിക്കാനാവില്ല. കോൺഗ്രസിൽ നിന്ന് അതിന് സാധ്യതയില്ലെന്ന് മനസിലാക്കിയാണ് പിടികൊടുക്കാതെയുള്ള ഈ നിൽപ്പ്.

അതേ സമയം ബിജെപിയിൽ ചേർന്നാലും മുഖ്യമന്ത്രി പദം ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ആ നീക്കം ഉപേക്ഷിച്ച് പുതിയ തന്ത്രങ്ങൾ പയറ്റാൻ ഇറങ്ങിയത്. രാജസ്ഥാൻ നിയമസഭാ സ്പീക്കർ തനിക്കും മറ്റ് 18 വിമത എം‌എൽ‌എമാർക്കും നൽകിയ അയോഗ്യത നോട്ടീസിനെ ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. സീനിയർ അഭിഭാഷകനായ ഹരീഷ് സാൽവേയാണ് പൈലറ്റിനു വേണ്ടി ഹാജരാകുന്നത്. അഭിഷേക് സിങ്ങ് സിയാണ് കോൺഗ്രസ് അഭിഭാഷകൻ. കോടതി വിധി സച്ചിൻ്റെ കാര്യത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് സൂചന.

കോൺഗ്രസ് വിടാൻ തീരുമാനിച്ചാൽ സച്ചിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരും. സച്ചിൻ പൈലറ്റിനും 18 എം‌എൽ‌എമാരുടെ സംഘത്തിനും പ്രധാനം സ്ഥാനം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുക എന്നതാണ്. പല എം‌എൽ‌എമാർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ല.

രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെ വെല്ലുവിളിക്കാനും അട്ടിമറിക്കാനും സച്ചിൻ പൈലറ്റിന് ഇതുവരെ പദ്ധതികളില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ദിവസങ്ങളിലെ സച്ചിൻ്റെ നടപടികൾ.

സച്ചിനെ പിന്തുണയ്ക്കുന്ന പല എം‌എൽ‌എമാരും 70 വയസ്സിനു മുകളിലുള്ളവരായതിനാൽ പുതിയ പാർട്ടിയുടെ കീഴിൽ ഇനി ഒരു നേട്ടത്തിന് കഴിയില്ലെന്ന് അവർ വിലയിരുത്തുന്നു. തങ്ങളുടെ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കാത്തതിനാൽ ബിജെപിയിൽ ചേരാനുള്ള ആശയത്തിന് എതിരാണ് ഇവരിൽ ഭൂരിപക്ഷവും.  ഹേംറാം ചൗധരി, ദീപേന്ദർ സിംഗ്, ഭവൻവർലാൽ എന്നിവരാണ് ഇതിൽ ചിലർ. ബിജെപിയിലെ മക്കളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ഇവർക്ക് കൂടുതൽ ഉറപ്പില്ല. അതുകൊണ്ട് തന്നെ സച്ചിനോട് ആഭിമുഖ്യമുണ്ടെങ്കിലും മനസുകൊണ്ട് ഇവർ കോൺഗ്രസിനൊപ്പമാണ്.

നിലവിൽ അശോക് ഗെലോട്ടിനെ പിന്തുണയ്ക്കുന്ന സച്ചിൻ പൈലറ്റിൻ്റെ അനുകൂലികളിൽ പലരും പാർട്ടിയിൽ തുടരാനും അദ്ദേഹത്തിന്റെ നിലപാട് ഉറപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇവർ തയ്യാറാണ്.

അതു കൊണ്ടാണ് രാജസ്ഥാനിലെ പ്രതിസന്ധികൾ പരിഹരിക്കാൻ രൺദീപ് സിംഗ് സുർജേവാല ഒരു പിട മുന്നോട്ട് പോയി സച്ചിൻ പൈലറ്റ് കുടുംബാംഗമെന്ന നിലയിൽ പാർട്ടിയിലേക്ക് തിരിച്ചുവരണമെന്ന് അഭ്യർഥിച്ചത്. സച്ചിൻ പൈലറ്റിനെ സമാധാനിപ്പിക്കാൻ രാഹുൽ ഗാന്ധിയും ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ സമീപിക്കാൻ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. 

അതേസമയം, മാധ്യമങ്ങളിൽ സച്ചിൻ പൈലറ്റിനെ പരസ്യമായി ആക്രമിക്കുന്നത് ഒഴിവാക്കണമെന്ന് പാർട്ടി അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടു. താൻ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേരില്ലെന്ന് വ്യക്തമാക്കിയ സച്ചിൻ പൈലറ്റിനെ സമീപിക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തിൽ അനുരഞ്ജനത്തിന് ഇനി സാധ്യതയില്ലെന്ന് വ്യക്തം.