ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര സംഘത്തിന് വീണ്ടും അവസരം. ഇത് രണ്ടാംതവണയാണ് ഇന്ത്യൻ പ്രതിനിധികൾക്ക് കുൽഭൂഷണെ കാണാൻ അവസരം ലഭിക്കുന്നത്. രണ്ട് മണിക്കൂർ നേരം കുൽഭൂഷണുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിച്ചെന്നാണ് അറിയുന്നത്.
ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാന് കഴിഞ്ഞ വര്ഷം ജൂലായിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ സെപ്റ്റംബറിൽ ജാദവിന് ഇന്ത്യൻ നയതന്ത്രസഹായം ലഭ്യമാക്കാൻ സാധിച്ചിരുന്നു. പുനപരിശോധന ഹരജി നൽകാൻ കുൽഭൂഷൺ വിസമ്മതിക്കുന്നതായി കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
പാകിസ്ഥാൻ പട്ടാളക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പുനപരിശോധന ഹർജി നൽകാൻ ജൂലൈ 20 വരെയാണ് സമയം. ഇതിനായി നയതന്ത്ര സഹായം ഇദ്ദേഹത്തിന് ലഭ്യമാക്കാൻ അവസരമൊരുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ദയാഹർജിയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാക് അഡീഷണൽ അറ്റോർണി ജനറൽ അഹമ്മദ് ഇർഫാൻ ഇസ്ലാമാബാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം ഇന്ത്യ തള്ളി. കുൽഭൂഷന്റെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള നിർബന്ധിത ശ്രമം നടക്കുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു.
ചാരവൃത്തിയും അട്ടിമറി ശ്രമവും ആരോപിച്ച് 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്താനില്നിന്ന് കുൽഭൂഷണിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്. റോ ഏജൻറാണെന്ന് ആരോപിച്ച് 2017ൽ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇറാനിയൻ തുറമുഖമായ ചബഹാറിൽനിന്ന് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.