തിരുവനന്തപുരത്ത് സമ്പർക്ക രോഗികൾ പെരുകുന്നു; പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ജില്ലയിൽ സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 301 പേര്‍ക്കാണ് രോഗബാധ. 5 ആരോഗ്യപ്രവര്‍ത്തകരും ഉറവിടം തിരിച്ചറിയാത്ത 16 പേരും ഇക്കൂട്ടത്തിലുണ്ട്.

ഇന്നലെ 91 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ തിരുവനന്തപുരം രാമചന്ദ്രൻ ഹൈപ്പര്‍മാര്‍ക്കറ്റിലെ 61 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഹൈപ്പര്‍മാര്‍ക്കറ്റിൽ ജോലി ചെയ്ത 17 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാമചന്ദ്രനിലെ ജീവനക്കാർ ഏറെയും തമിഴ്‌നാട്ടുകാരാണ്. ഈ സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകള്‍ ഉണ്ട്.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്.

നഗരവാസികൾ നിയന്ത്രണം പാലിക്കാത്ത അവസ്ഥയാണ് തലസ്ഥാനനഗരിയിലുള്ളത്. തലസ്ഥാനത്തിന്റെ ഈ പ്രത്യേകത കണക്കിലെടുത്ത് പ്രതിരോധ നടപടികള്‍ പുനക്രമീകരിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ടെസ്റ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കുക, പരിശോധനാ ഫലം വേഗത്തിലാക്കുക, സ്വകാര്യലാബുകളുടെ സേവനം പ്രയോജനപ്പെടുത്തുക എന്നീ കാര്യങ്ങളാണ് നടപ്പാക്കുക. കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കും. പഞ്ചായത്തുകളില്‍ 100 കിടക്കകള്‍ ഉള്ള സെന്ററുകള്‍ തുടങ്ങും. ആരോഗ്യപ്രവര്‍ത്തകരെ ആകെ അണിനിരത്തി പ്രതിരോധ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഏത് നിമിഷവും പ്രവര്‍ത്തിക്കുന്ന സേനയെപ്പോലെയാവും. സര്‍ക്കാര്‍ ആശുപത്രിയുലുള്ളവരെ മാത്രമല്ല സ്വകാര്യമേഖലയില്‍ ഉള്ളവരെയും വിദ്യാര്‍ഥികളെയും ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ നീക്കം. സ്വകാര്യആശുപത്രികളുടെയും ക്ലിനിക്കുകളുടെയും സേവനം പ്രയോജനപ്പെടുത്തിയാണിത് നടപ്പാക്കുക.