മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ (എസ്ഇസി) ആദ്യ വനിതാ കമ്മീഷണറും പ്രശസ്ത മറാത്തി എഴുത്തുകാരിയുമായ നീല സത്യനാരായണ (72) കൊറോണ ബാധിച്ച് അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് നീല സത്യനാരായണനു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ അന്ധേരി മറോളിലെ സെവന് ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നീല സത്യനാരായണയുടെ മൂന്നു കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ സെന്‍ട്രല്‍ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 1972 ബാച്ച് ഐഎഎസ് ഓഫീസറായ സത്യനാരായണ മഹാരാഷ്ട്ര റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയായി സിവില്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷമാണ് എസ്ഇസിയുടെ ആദ്യ വനിതാ കമ്മീഷണര്‍ ആയി ചുമതലയേറ്റത്. 2014 ലാണ് ഈ സ്ഥാനത്തു നിന്നും ഇവര്‍ വിരമിച്ചത്.
മറാത്തിയില്‍ സാഹിത്യ രംഗത്തും നീല പ്രശസ്തയായിരുന്നു. പത്തു കവിതാ സമാഹാരങ്ങളും 17 നോവലുകളുടെയും രചയിതാവാണ് നീല സത്യനാരായണ. കഠിനാധ്വനിയും കാര്യക്ഷമതയുമുള്ള ഒരു ഉദ്യോഗസ്ഥയും എഴുത്തുകാരിയെയുമാണ് നഷ്ടപ്പെട്ടതെന്ന് മഹാരാഷ്ട്ര റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായ ബാലസഹേബ് തേറാത്ത് പറഞ്ഞു.