സ്വർണ്ണക്കടത്ത്; നിര്‍ണായക ഘട്ടത്തിൽ യുഎഇ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മിയ രാജ്യംവിട്ടു

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കു നീങ്ങുന്നതിനിടെ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു. ഞായറാഴ്ച ഡല്‍ഹിയിലേക്കു പോയ അറ്റാഷെ രണ്ടു ദിവസം മുമ്പ് രാജ്യം വിട്ടതായാണ് വിവരം.

എൻഐഎ അന്വേഷണം വിപുലമാക്കുന്നതിനിടെയാണ് അറ്റാഷെയുടെ മടക്കം. ഇദ്ദേഹത്തെ യുഎഇ തിരികെ വിളിച്ചതാണോയെന്ന കാര്യം വ്യക്തമല്ല. വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതിനു ശേഷമാണോ നീക്കമെന്നും അറിവായിട്ടില്ല.

കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെയുടെ പേരില്‍ വന്ന പാഴ്‌സലില്‍ നിന്നാണ് 30 കിലോ സ്വര്‍ണം പിടിച്ചത്. മുമ്പും സമാനമായ രീതിയില്‍ സ്വര്‍ണം കടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ പിടിയിലായ പ്രതികള്‍ അറ്റാഷെ അടക്കമുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് റാഷിദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടത്.