ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം അതിഭീകരമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,695 പേർക്കാണ് രാജ്യത്ത് പുതുതായി വൈറസ് ബാധ. ഇതോടെ ഇന്ത്യയിൽ രോഗബാധിതർ പത്തു ലക്ഷത്തിനടുത്തെത്തി. 9,68,876 പേർക്കാണ് ഇതുവരെ ഔദ്യോഗികമായി കൊറോണ ബാധിച്ചിട്ടുള്ളത്.
നിലവിൽ രാജ്യത്ത് 3,31,146 പേർ ചികിൽസയിലാണ്. 6,12,814 പേർ സുഖം പ്രാപിക്കുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 606 പേർക്കാണ് ജീവൻ നഷ്ടമായത് ഇതോടെ മരണസംഖ്യ 24,915 ആയി. എന്നാൽ രാജ്യത്ത് സൗഖ്യം നേടുന്നവരുടെ നിരക്ക് 63.24 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20,572 രോഗികളാണ് രണ്ടു ദിവസത്തിനിടെ രാജ്യമെങ്ങും സുഖം പ്രാപിച്ചത്. ഇത് വലിയ പ്രത്യാശ പകരുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇന്ത്യയിലെ രോഗികളുടെ നാലിലൊന്നും മഹാരാഷ്ട്രയിലാണ്. ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധിച്ച സംസ്ഥാനവും മഹാരാഷ്ട്രയാണ്. 2,75,640 പേർക്കാണ് ഇവിടെ രോഗബാധ. 11,000 ത്തിലേറെ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ഇന്നു മുതൽ ജൂലൈ 31 വരെ ബീഹാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത സ്ഥലങ്ങളും ഓഫീസുകളും അടച്ചിരിക്കും.
അതേ സമയം ആദ്യഘട്ടത്തിൽ വൈറസ് വ്യാപനം കുറവായിരുന്ന ഗോവയിൽ ഇളവുകൾ നൽകിയപ്പോൾ കൊറോണ രോഗികൾ വർധിച്ചതോടെ
മൂന്നുദിവസം സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപനം വർധിക്കുത് കണക്കിലെടുത്ത് വെള്ളിയാഴ്ച മുതൽ മൂന്നുദിവസം സംസ്ഥാനം സമ്പൂർണ്ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
ഇന്ന് അർധരാത്രി മുതൽ ലോക്ക്ഡൗൺ നിലവിൽ വരും. തിങ്കളാഴ്ച പുലർച്ചെ വരെയാണ് ലോക്ക്ഡൗൺ. ചൊവ്വാഴ്ച ഗോവയിൽ 170 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഏകദിനകണക്കാണിത്. 18 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,753 ആയി.