വാഷിംഗ്ടൺ: പൊലീസ് അതിക്രമത്തിൽ അമേരിക്കയിൽ കറുത്ത വർഗക്കാരേക്കാൾ വെളുത്തവരാണ് കൊല്ലപ്പെടുന്നതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിസി ന്യൂസ് അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെടുന്നവരിൽ പകുതിയും വെളുത്ത വർഗക്കാരാണെന്ന് പറഞ്ഞിരുന്നു. 23 ശതമാനമാണ് കറുത്തവർഗക്കാർ കൊല്ലപ്പെടുന്നത്. എന്നാൽ അമേരിക്കൻ ജനസംഖ്യയിൽ 13 ശതമാനം മാത്രമാണ് കറുത്ത വർഗക്കാരുടെ പ്രാതിനിധ്യം.
പൊലീസ് അതിക്രമത്തിൽ എന്തുകൊണ്ടാണ് കറുത്തവർ ഇപ്പോഴും കൊല്ലപ്പെടുന്നതെന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. നിങ്ങളുടേത് ഭീകരമായ ചോദ്യമാണെന്നും പൊലീസ് അതിക്രമത്തിൽ കൂടുതൽ വെളുത്തവർഗമാണ് കൊല്ലപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. മെയ് 25ന് ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരൻ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കൊറോണ വൈറസ് വ്യാപന നിയന്ത്രണങ്ങൾക്കിടയിലും ആയിരങ്ങളാണ് അമേരിക്കയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന മുദ്രാവാക്യമുയർത്തി തെരുവിലിറങ്ങിയത്. ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിൽ പൊലീസിനെ കുറ്റപ്പെടുത്താൻ ട്രംപ് തയ്യാറായിരുന്നില്ല.