സച്ചിൻ ബിജെപിയിലേക്കോ ; സ്വാഗതം ചെയ്ത് കേന്ദ്ര നേതാക്കൾ

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസ് പ്രസിഡൻ്റ്, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിൽ നിന്നും പാർട്ടി മാറ്റിയ സച്ചിൻ പൈലറ്റിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് നേതാക്കൾ രംഗത്തെത്തി. അതേ സമയം തിടുക്കത്തിൽ ഒരു തീരുമാനമെടുക്കാതെ സ്വന്തമായി പാർട്ടി രൂപീകരിക്കാനാണ് സച്ചിൻ്റെ നീക്കമെന്ന് സൂചനയുണ്ട്.

നേരത്തേ മുതൽ രാജസ്ഥാൻ ഭരണത്തിൽ കണ്ണുവച്ചിരിക്കുന്ന ബിജെപി ഇക്കാര്യം ബുധനാഴ്ച ചർച്ച ചെയ്യുമെന്നറിയുന്നു. സച്ചിൻ ഡെൽഹിയിൽ കേന്ദ്ര ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയെങ്കിലും ധാരണയിലെത്തിയില്ലെന്നാണ് വിവരം. വിലപേശലിന് സച്ചിൻ മുന്നാട്ട് വച്ച നിർദേശങ്ങൾ തള്ളി കോൺഗ്രസ് നടപടിയെടുത്തതോടെ ബിജെപി പ്രവേശനത്തെക്കുറിച്ച് പുനർവിചിന്തനത്തിലാണെന്ന് റിപ്പോർട്ടുണ്ട്.

അതേ സമയം അശോക് ഗെലോട്ട് മന്ത്രിസഭയിൽ നിന്ന് പൈലറ്റിനെ ഒഴിവാക്കിയതിന് തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് സച്ചിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. കോൺഗ്രസിൽ നിന്ന് കൂടുതൽ ആളുകൾ പൈലറ്റിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ കേന്ദ്ര സഹമന്ത്രി പി പി ചൗധരി പറഞ്ഞു.

ബിജെപി പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നുവെങ്കിൽ വാതിലുകൾ എല്ലാവർക്കുമായി തുറന്നിരിക്കുന്നു. സച്ചിൻ പൈലറ്റ് ഞങ്ങളോടൊപ്പം ചേർന്നാൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നില്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് ചൗധരി വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ പൈലറ്റിനെ നീക്കം ചെയ്തതിനെത്തുടർന്ന് കോൺഗ്രസ് നിയമസഭാ കക്ഷിയിലുണ്ടായ ഭിന്നത മുതലെടുക്കണമെന്ന അഭിപ്രായക്കാരാണ്.