രാജ്യത്തെ കൊറോണ രോ​ഗികളിൽ 50 ശതമാനവും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും

ന്യൂഡെൽഹി: രാജ്യത്തെ 86 ശതമാനം കൊറോണ രോ​ഗികളും 10 സംസ്ഥാനങ്ങളിലായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. 20 സംസ്ഥാനങ്ങളിൽ രോ​ഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നും ആരോ​ഗ്യമന്ത്രാലയം സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമ്പത് ശതമാനം കൊറോണ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്.

36 ശതമാനം രോ​ഗികളാണ് മറ്റ് എട്ട് സംസ്ഥാനങ്ങളിലായുള്ളത്. മെയ് 2 മുതൽ 30 വരെ ചികിത്സയിലുള്ള കൊറോണ കേസുകളുടെ എണ്ണമായിരുന്നു രോ​ഗമുക്തി നേടിയവരുടേതിനെക്കാൾ കൂടുതൽ ഉണ്ടായിരുന്നത്. അതിനു ശേഷം കൊറോണ കേസുകളുടെ എണ്ണത്തിലും രോ​ഗമുക്തി നേടിയവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ 1.8 ശതമാനം വർധനയാണ് രോ​ഗമുക്തി നേടിയവരുടെ എണ്ണത്തിലുള്ളതെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

മെയ് മാസത്തിൽ രോ​ഗമുക്തി നിരക്ക് ദേശീയതലത്തിൽ 26 ശതമാനത്തിൽ നിന്ന് 48 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ജൂലൈ 12 ആയപ്പോഴേക്കും ഇത് 66 ശതമാനമായി വർധിച്ചു. ശരാശരി രോ​ഗമുക്തി നിരക്ക് ദേശീയതലത്തിൽ 63 ശതമാനമാണ്. ഉത്തർപ്രദേശ് (64%) ഒഡിഷ (67​%) അസം (65%) ​ഗുജറാത്ത് (70%) തമിഴ്നാട് (65%) തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം രോ​ഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിലയിലാണ്.

അതേസമയം, രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 9,06,752 ആയെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച ഔദ്യോ​ഗിക വിവരം. 553 മരണങ്ങൾ കൂടി ഈ ഈ സമയത്തിനുള്ളിൽ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 23,727 ആയി.