ലക്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വീടുകള്‍ക്ക് കാവിനിറം പൂശിയതിനെതിരേ പരാതിയുമായി വ്യാപാരി രംഗത്ത്. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തങ്ങളുടെ സമ്മതം വാങ്ങാതെയാണ് വീടുകള്‍ക്ക് കാവിനിറം പൂശിയതെന്നാണ് പരാതി. തടയാന്‍ ശ്രമിച്ച തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കി.
തിങ്കളാഴ്ച പ്രയാഗ് രാജിലെ ബഹദൂർഗഞ്ച് പ്രദേശത്ത് നിന്നും വ്യാപാരിയായ രവി ഗുപ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഒരു സംഘമാളുകൾ വീടിന്റെ പുറം ഭാഗത്ത് കാവി നിറം പൂശുന്നതാണ് വീഡിയോയിലുള്ളത്. യു.പി മന്ത്രിയായ നന്ദഗോപാല്‍ നന്ദി താമസിക്കുന്നതും ഈ പ്രദേശത്താണ്. എന്നാൽ ഈ മേഖലയിൽ വികസനപ്രവർത്തനം നടത്തുകയാണെന്നും വിവാദം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
എത്രത്തോളം ഗുണ്ടായിസമാണ് ഇവിടെ വർധിച്ചിരിക്കുന്നതെന്നും ഞാൻ പറയുമ്പോൾ നിങ്ങൾ നിർത്തണമെന്നും പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ അവിടെ വന്ന സംഘം ഇതൊന്നും ശ്രദ്ധിക്കാതെ കാവി നിറം പൂശുകയായിരുന്നു. പ്രയാഗ് രാജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി നന്ദഗോപാലിന്റെ ബന്ധുവായ കേശാര്‍വാണിയാണ് കേസിലെ പ്രധാന പ്രതി.എന്നാല്‍ ഇതില്‍ ഗൂഡാലോചന നടന്നുവെന്നാണ് മന്ത്രി ആരോപിക്കുന്നത്.