സച്ചിൻ പൈലറ്റിനെയും രണ്ടു മന്ത്രിമാരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി; ഭൂരിപക്ഷം ഉറപ്പിച്ച് ഗെലോട്ട്

ജയ്പൂർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ സച്ചിൻ പൈലറ്റിനെ തൽസ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി. ജയ്പുരിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ അശോക് ഗെലോട്ട് മന്ത്രിസഭ നിലനിർത്തുന്നതിനാവശ്യമായ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് സച്ചിനെതിരേ പാർട്ടി നടപടിയെടുത്തത്. സച്ചിനും മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ദീർഘനാളായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇതോടെ വിരാമമായി.

രാജസ്ഥാനിലെ കോൺഗ്രസ് വിജയത്തിൻ്റെ അമരക്കാരനായ സച്ചിനെതിരേയാണ് ഇന്ന് ഉച്ചയോടെ നടപടി പ്രഖ്യാപിച്ചത്. ജയ്പൂരിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു സച്ചിനെ നീക്കിയ പ്രഖ്യാപനം വന്നത്.

സച്ചിൻ പൈലറ്റിന് പകരമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോത്രാസയെ രാജസ്ഥാൻ പിസിസി പ്രസിഡൻറായി നിയമിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.

സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി രമേശ് മീന, ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് എന്നിവരെയും മന്ത്രിസഭയിൽ നിന്നും പുറത്താക്കി.

സച്ചിനോട് ആഭിമുഖ്യം പുലർത്തുന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മുകേഷ് ഭാക്കറെയും സേവാദൾ പ്രസിഡൻറ് രാകേഷ് പരീക്കിനെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കി. ദുൻഗർപൂരിൽ നിന്നുള്ള ഗണേഷ് ഘോഗ്ര എം‌എൽ‌എയാണ് പുതിയ സംസ്ഥാന യൂത്ത്കോൺഗ്രസ് പ്രസിഡൻ്റ്. ഹേം സിംഗ് ശേഖവതിനെ സേവാദൾ പ്രസിഡൻറായും നിയമിച്ചു.

പാർട്ടി ഐക്യം ശക്തിപ്പെടുത്താനാണ് കോൺഗ്രസ് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നതെന്നും ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡാലോചനയുടെ ഭാഗമായി സച്ചിൻ പൈലറ്റും ചില എം‌എൽ‌എമാരും വഴിതെറ്റിയത് നിർഭാഗ്യകരമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

പൈലറ്റിനെ നീക്കം ചെയ്ത ശേഷം ഗുജാർ ആധിപത്യമുള്ള പ്രദേശങ്ങളിൽ പോലീസ് സുരക്ഷ വർദ്ധിപ്പിക്കുകയും കർശന പട്രോളിംഗ് ഏർപ്പെടുത്തുകയും ചെയ്തു. പൈലറ്റിനെ നീക്കിയത് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ രാജസ്ഥാനിലെ ക്രമസമാധാനനിലയെ ബാധിച്ചേക്കുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്.