കൊറോണക്കാലത്തെ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കൊറോണക്കാലത്തെ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി. കൊറോണ കാലഘട്ടത്തില്‍ സമരങ്ങള്‍ നടത്തുന്നത് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നും അതിനാല്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതി ഇടപെടല്‍ അടിയന്തരമായി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സമരങ്ങള്‍ നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സമൂഹവ്യാപനത്തിനുള്ള സാഹചര്യങ്ങളാണ് സംസ്ഥാനത്തിന്റെ പല മേഖലകളിലും ഉള്ളത്. ഈ സാഹചര്യത്തിലും സംസ്ഥാനത്തുടനീളം പല വിഷയങ്ങളിലും പ്രതിഷേധങ്ങളും സമര പരിപാടികളും നടക്കുന്നുണ്ട്. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നടത്തുന്ന സമരപരിപാടികളില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കാറില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രീതിയിലുള്ള സമരങ്ങളാണ് ഉണ്ടായത്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയും തെരുവിലിറങ്ങിയ പ്രവർത്തകരെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ഹർജിക്കാർ പറയുന്നു.

പല സ്ഥലങ്ങളിലും സമരക്കാരും പോലീസുകാരും തമ്മില്‍ സംഘര്‍ഷങ്ങളും ഉണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഇങ്ങനെയുള്ള മാനദണ്ഡങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിരോധിക്കണമെന്ന് ജോണ്‍ ജോണിയര്‍, ഡോ. പ്രവീണ്‍ പൈ, സി.ഐ. സജീവ് ഇ നായര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിൽ ആവശ്യപ്പെട്ടു. റിട്ട് ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.