സ്വപ്നയുടെ ഉന്നത ബന്ധങ്ങൾ; ഉന്നതരെ ചോദ്യം ചെയ്യും മുമ്പ് നിർണായക തെളിവുകൾ ശേഖരിക്കാൻ എൻഐഎ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയും മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറുമായുള്ള സ്വപ്നയുടെ കൂടിക്കാഴ്ചകള്‍, യാത്രകള്‍ എന്നിവയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുകയാണ് എൻഐഎ. ആരോപണ വിധേയരായവരെ ചോദ്യം ചെയ്യുന്നതിനുമുമ്പ് തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കുകയാണ് ലക്ഷ്യം. ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അന്വേഷണസംഘം തിരയുന്നുണ്ട്. സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥര്‍ പല സ്ഥലത്തും ശുപാര്‍ശകള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി.

സ്വപ്ന ജോലിചെയ്തിരുന്ന സ്‌പേസ് പാര്‍ക്കിലെ വിവരങ്ങളും സംഘം ശേഖരിച്ചു. സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സന്ദീപിന്റെയും തലസ്ഥാനത്തെ ബന്ധങ്ങള്‍ തലനാരിഴ കീറി അന്വേഷിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഇവരുടെ ഫോണ്‍വിളികള്‍, സൗഹൃദങ്ങള്‍, ബിസിനസ് ഇടപാടുകള്‍, രാത്രി പാര്‍ട്ടികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്. കോണ്‍സുലേറ്റിലെ ജോലിയുടെ മറവില്‍ സ്വപ്‌ന നിരവധി ഉന്നതരുമായി ബന്ധം സ്ഥാപിച്ചിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനു വേണ്ടി സ്വപ്ന ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

സ്വപ്നയുടെ സഹോദരന്റെ വിവാഹം, വിവാഹത്തിനു ശേഷം നടന്ന പാര്‍ട്ടി, ഇതിനിടെയുണ്ടായ സംഘര്‍ഷം എന്നിവയെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ സംഘം ശേഖരിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ഈ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

അതേ സമയം സ്വപ്ന സുരേഷിനെയും കുടുംബത്തെയും പിന്തുടർന്നതു കൊച്ചിയിലെ ഗുണ്ടാസംഘമാണെന്ന വിവരം കേരള പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് എൻഐഎക്കു കൈമാറി.

കോടതിയിൽ കീഴടങ്ങാൻ ഒരുങ്ങിയ സ്വപ്ന സ്വർണക്കടത്തു സംഘത്തിന്റെ നിർദേശപ്രകാരമാണു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ യുഎപിഎ ചുമത്തിയതോടെയാണു സംസ്ഥാനം വിടാൻ നിർദേശം ലഭിച്ചത്. ഇതിനിടയിലാണു സ്വപ്ന കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനത്തെ അജ്ഞാതർ പിന്തുടർന്നത്.

ആരുടെ നിർദേശ പ്രകാരമാണിതെന്നു കണ്ടെത്തേണ്ടത് അന്വേഷണത്തിൽ നിർണായകമാണ്. സ്വപ്ന, കൂട്ടുപ്രതി സന്ദീപ് നായർ എന്നിവരെ സുരക്ഷിതരായി കേരളം വിടാൻ സഹായിക്കാനാണോ സ്വപ്ന മനസ്സുമാറി വീണ്ടും കീഴടങ്ങാൻ ഒരുങ്ങിയാൽ അപായപ്പെടുത്താനാണോ അജ്ഞാത സംഘം പിന്തുടർന്നതെന്നു വ്യക്തമല്ല.