ന്യൂഡെൽഹി: ഇന്ത്യൻ സൈനികരോട് സ്മാർട്ട് ഫോണുകളിൽ നിന്ന് ടിക്ടോക്, വീ ചാറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 89 സോഷ്യൽ മീഡിയ ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് സൈനിക ഉദ്യോഗസ്ഥന്റെ ഹർജി. ആപ്പുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം. ലഫ്റ്റനന്റ് കേണൽ പി.കെ. ചൗധരിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഏകപക്ഷീയമായ എക്സിക്യൂട്ടീവ് നടപടിയാണിതെന്നാണ് ചൗധരി ഹർജിയിൽ പറയുന്നത്. അതിനാൽ ഈ പുതിയ നയം പിൻവലിക്കാൻ ആവശ്യപ്പെടണെന്നാണ് ഹർജിയിൽ പറയുന്നത്. ഡെൽഹി ഹൈക്കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി നാളെ പരിഗണിച്ചേക്കും.
നീക്കം ചെയ്യേണ്ട 89 ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് കഴിഞ്ഞമാസം സൈന്യം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അവയിൽ പലതും ചൈനീസ് ആപ്പുകളാണ്. ഈ വർഷം ജൂൺ 1 നകം എല്ലാ ഉദ്യോഗസ്ഥരും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യാൻ സൈന്യം നിർദേശം നൽകിയിരുന്നു. ജൂലൈ 15 ന് ശേഷവും ഫേസ്ബുക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത സൈറ്റുകൾ ഉപയോഗിക്കുന്നവരെ റിപ്പോർട്ട് ചെയ്യുമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം സോഷ്യൽ മീഡിയ വഴിയുള്ള ഹണിട്രാപ്പ് വർധിച്ച സാഹചര്യത്തില്‍ ഇത് തടയുന്നതിനാണ് പ്രാഥമിക നിരോധനം ഏർപ്പെടുത്തിയതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.