വാഷിംഗ്ടണ്‍: ലോകത്തെ വേട്ടയാടുന്ന കൊറോണക്കെതിരേ ലോകമെമ്പാടും വാക്സിനും മരുന്നുകളും കണ്ടെത്താൻ തീവ്രശ്രമം തുടരുന്നതിനിടെ വൈറസ് ബാധ തീവ്രമായി തുടരുന്നു. രോഗികളുടെ പ്രതിദിനക്കണക്കിൽ റെക്കോർഡ് വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്.
ആദ്യഘട്ടത്തിൽ രോഗബാധിതർ കുറവായിരുന്ന ദക്ഷിണാഫ്രിക്കയിലും രോഗം അതിവേഗത്തില്‍ വ്യാപിക്കുകയാണ്. ഇതു വരെ 276,242 പേർക്കാണ് ദക്ഷിണാഫ്രിക്കയിൽ വൈറസ് ബാധ. ദക്ഷിണാഫ്രിക്കയിലെ രോഗവ്യാപനത്തിൽ ആരോഗ്യവിദഗ്ധർ ഏറെ ആശങ്കാകുലരാണ്. ഇവിടെ വൈറസ് ബാധ വൻ ജീവഹാനിക്ക് കാരണമാകുമെന്ന ഭീതി ശക്തിപ്പെട്ടിട്ടുണ്ട്.
അതേ സമയം 2,30,370 കേസുകൾ ലോകമെങ്ങും റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 1.30 കോടി കടന്നു.
1,30,32,918 പേര്‍ക്കാണ് ലോകമെങ്ങും ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയിലും വർധനവുണ്ടാകുന്നതാണ് ലോക രാഷ്ട്രങ്ങളെ ഏറെ നടുക്കുന്നത്. ലോകത്തെങ്ങും 5,71,356 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 75,82,035 പേർ രോഗമുക്തി നേടി.
അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ രോഗികള്‍ 34 ലക്ഷം കടന്നു. പുതുതായി 58,290 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,37,782 പേർക്കിവിടെ ജീവൻ നഷ്ടമായി.
ബ്രസീലാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. ഇവിടെ രോഗം സ്ഥീരീകരിച്ചവരുടെ എണ്ണം 18,66,176 ആയി. 25,364 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 659 മരണങ്ങളും സ്ഥിരീകരിച്ചതോടെ മരണസംഖ്യ 72,151 ആയി. എട്ടു ലക്ഷത്തിന് മുകളില്‍ രോഗികളുള്ള ഇന്ത്യയാണ് രോഗബാധയിൽ മൂന്നാം സ്ഥാനത്ത്.
നാലാമതുള്ള റഷ്യയില്‍ രോഗികള്‍ 7.27 ലക്ഷം പിന്നിട്ടു. പെറു, ചിലി രാജ്യങ്ങളാണ് അഞ്ച്, ആറ് സ്ഥാനങ്ങളില്‍. പെറുവില്‍ രോഗബാധിതര്‍ 3,26,326 ആയി വര്‍ധിച്ചു. ചിലിയില്‍ 3,15,041 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചു.