ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ ഭിന്നതകൾ മധ്യപ്രദേശ് ആവർത്തിക്കാൻ ഇടയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിൻ പൈലറ്റുമായി വർഷങ്ങളായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങൾ അന്തിമഘട്ടത്തിലെത്തിയിട്ടും കോൺഗ്രസ് ഹൈക്കമാൻഡ് കാഴ്ചക്കാരായി നിലകൊള്ളുന്നത് അവസരം കാത്തിരിക്കുന്ന ബിജെപിയ്ക്ക് അനുകൂലമാകാനാണ് സാധ്യത.
നാളെ രാവിലെ ജയ്പൂരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സച്ചിൻ പങ്കെടുക്കില്ലെന്ന് പിസിസി പ്രസിഡൻ്റ് കൂടിയായ സച്ചിൻ പൈലറ്റിൻ്റെ ഓഫീസ് അറിയിച്ചു. മുപ്പതിലധികം കോൺഗ്രസ് എംഎൽഎമാരും സ്വതന്ത്രരും തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതിനെ തുടർന്ന് ഗെലോട്ട് സർക്കാർ ന്യൂനപക്ഷമായെന്ന് പരസ്യമായി സച്ചിൻ അവകാശപ്പെട്ടു.
സച്ചിൻ പൈലറ്റിന്റെ ഓഫീസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇക്കാര്യം പ്രചരിച്ചത്. ചില മന്ത്രിമാരും കോൺഗ്രസ് എംഎൽഎമാരും ജയ്പൂരിലെ മുഖ്യമന്ത്രി ഗെലോട്ടിന്റെ വസതിയിൽ ഒത്തുചേരുന്നതിനിടെയാണ് സച്ചിൻ്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവന പുറത്തവന്നത്. എന്നാൽ പത്തോളം എംഎൽ എമാരുമായി ഡെൽഹിയിലെത്തി സച്ചിൻ ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. സച്ചിൻ ആരെയൊക്കെയായി ബന്ധപ്പെട്ടുവെന്നത് ദുരൂഹമായി തുടരുകയാണ്.
അതേ സമയം ജയ്പൂരിൽ കോൺഗ്രസ് നിയമസഭാംഗങ്ങളുമായുള്ള ഗെലോട്ടിൻ്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗെലോട്ടിന് ഭൂരിപക്ഷമുണ്ടെന്ന് ഇവർ അവകാശപ്പെട്ടു. വേണ്ടിവന്നാൽ ചില ബിജെപി എംഎൽഎമാരും മന്ത്രി സഭയ്ക്ക് പിന്തുണ നൽകുമെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും ഈ വിഭാഗം അവകാശപ്പെടുന്നു. ചില ബിജെപി എംഎൽഎമാരുമായി നിരന്തര ബന്ധത്തിലാണെന്നും പ്രതിസന്ധി ഘട്ടം വന്നാൽ നഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ എംഎൽഎമാരെ ബിജെപിയിൽ നിന്ന് കൊണ്ടുവരുമെന്നും ഗെലോട്ടിൻ്റെ വിശ്വസ്തർ പറയുന്നു.
ഞായറാഴ്ച രാവിലെ മുതൽ നിരവധി നിയമസഭാംഗങ്ങളും മന്ത്രിമാരും മുഖ്യമന്ത്രിയെ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ 95 നിയമസഭാംഗങ്ങൾ ഗെലോട്ടിന് പിന്തുണ കത്ത് നൽകിയെന്നാണ് സൂചന.
200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരുണ്ട്. സ്വതന്ത്രരടക്കമുള്ള 18 പേരുടെ പിന്തുണയിൽ പാർട്ടിക്ക് പ്രതിസന്ധിയില്ല. എന്നാൽ സച്ചിനൊപ്പം എത്ര പേർ നിലകൊള്ളുമെന്നതിനെ ആശ്രയിച്ചായിരിക്കും ഗെലോട്ടിൻ്റെ നീക്കമെന്നാണ് സൂചന. ബിജെപിക്ക് നിലവിൽ നിയമസഭയിൽ 72 എംഎൽഎമാരുണ്ട്. ഹനുമാൻ ബെനിവാളിന്റെ ആർഎസ്‌എൽപിയുടെ മൂന്ന് എംഎൽഎമാരും ബിജെപിയെ പിന്തുണയ്ക്കുന്നു. ജൂൺ 19 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും സർക്കാരിനെ പിന്തുണയ്ക്കുന്ന 125 എംഎൽഎമാരുടെ വോട്ടുകൾ ലഭിച്ചിരുന്നു. എന്തായാലും അധികനാൾ കാത്തിരിക്കേണ്ടി വരില്ല. ഒന്ന് വ്യക്തമാണ് സച്ചിൻ – ഗെലോട്ട് ഏറ്റുമുട്ടൽ പരിസമാപ്തിയിലേക്ക് നീങ്ങിക്കഴിഞ്ഞു.