സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിക്കാന്‍ സാധ്യത. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇത്തരമൊരു നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. വോട്ടെടുപ്പിന് തയ്യാറെടുക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയാ പരസ്യങ്ങളിലൂടെ വിദേശ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇത്തവണ ആരുടേയും ഭാഗത്ത് നിന്നും അത്തരം ഒരു ഇടപടലുണ്ടാകാതിരിക്കാനും പക്ഷപാതിത്വം കാണിച്ചുവെന്ന പരാതി ഉയരാതിരിക്കാനും രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും പൂര്‍ണമായും നിരോധിക്കാനുള്ള ആലോചനകള്‍ ഫെയ്‌സ്ബുക്കില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് തടസമാവുമോ എന്നും വാര്‍ത്തകളോടും പ്രചരിക്കുന്ന വിവരങ്ങളോടും യഥാസമയം പ്രതികരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിക്കാതെ വരുമോ എന്നുമുള്ള ആശങ്കകള്‍ ഉയരുന്നുണ്ട്.
രാഷ്ട്രീയക്കാരില്‍ നിന്നുള്ള പരസ്യങ്ങളുടെയും അവരുടെ പ്രചാരണങ്ങളുടേയും വസ്തുത ഫെയ്‌സ്ബുക്ക് പരിശോധിക്കാറില്ല. അമേരിക്കയില്‍ അടുത്തിടെയുണ്ടായ വംശീയതയ്‌ക്കെതിരെയുള്ള പ്രതിഷേധ സമരക്കാരില്‍ നിന്നും വലിയ വിമര്‍ശനം ഫെയ്‌സ്ബുക്ക് നേരിടേണ്ടി വന്നിരുന്നു.