ന്യൂഡെൽഹി: ഓക്സിജൻ സഹായം വേണ്ട കൊറോണ രോഗികളുടെ എണ്ണം ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊറോണ വ്യാപനം കൂടുതൽ സംസ്ഥാനങ്ങളിൽ രൂക്ഷമായതിന് പിന്നാലെയാണ് ഓക്സിജൻ സഹായം വേണ്ട കേസുകളും കൂടിയതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയിൽ മുംബൈക്ക് പുറത്തുള്ള പ്രദേശങ്ങളിലുമാണ് പുതുതായി ഓക്സിജൻ സഹായം വേണ്ട രോഗികളുടെ എണ്ണം കൂടിയത്.
ആറായിരം മെട്രിക് ടൺ ഓക്സിജനാണ് പ്രതിദിനം രാജ്യത്ത് കരുതിവയ്ക്കുന്നത്. നിലവിൽ 1200 മെട്രിക് ടൺ വരെ ഓക്സിജനേ ആവശ്യം വരുന്നുള്ളു എന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഓക്സിജൻ പിന്തുണയുള്ള കൊറോണ കിടക്കകളുടെ എണ്ണവും കൂട്ടി. 51,000 കിടക്കകളാണ് കഴിഞ്ഞ മാസം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 1,42,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഓക്സിജൻ സഹായം നല്‍കേണ്ടി വരുന്ന രോഗികളുടെ എണ്ണം ഒരു മാസത്തിൽ അഞ്ചിൽ നിന്ന് ഏഴു ശതമാനമായി ഉയർന്നു. രാജ്യത്ത് കൊറോണ കേസുകൾ കുത്തനെ ഉയരുമ്പോഴും ഗുരുതര സ്ഥിതിയിലുള്ള രോഗികൾ കുറവാണെന്നതായിരുന്നു ആശ്വാസം.
കർണ്ണാടകയിൽ ബെംഗളൂരു മുനിസിപ്പൽ മേഖലയിലും തുംകൂർ ജില്ലയിലും ഓക്സിജൻ വേണ്ട രോഗികളുടെ എണ്ണം കൂടി. തെലങ്കാനയിൽ ഹൈദരാബാദ് മുനിസിപ്പൽ മേഖലയിലാണ് ഇത്തരത്തിലുള്ള കേസുകൾ കൂടിയത്. അതേ സമയം മതിയായ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.