ബംഗളൂരു: സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ പ്രതികളായ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും പാസ്പോര്‍ട്ടും രണ്ടു ലക്ഷം രൂപയും എന്‍ഐഎ പിടിച്ചെടുത്തു. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. ഇരുവരേയും കൊണ്ട് അന്വേഷണ സംഘം ബംഗളൂരുവില്‍നിന്ന് തിരിച്ചു.ഉച്ചയോടെ കൊച്ചിയിലെത്തിക്കും. വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
അന്വേഷണ സംഘത്തലവന് എന്‍ഐഎ ഡിവൈഎസ്പി, സി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗലൂരുവിലെത്തിയിട്ടുണ്ട്. രാത്രിതന്നെ നഗരത്തിലെ എന്‍ഐഎ ഓഫിസില്‍ ഇവരെ ചോദ്യം ചെയ്തു. ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ബംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാര്‍ട്മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.
സന്ദീപ് നായരുടെ ഫോണ്‍ കോളാണ് ഇരുവരേയും കുരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. കസ്റ്റംസ് സന്ദീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്ന സമയം സഹോദരനെ സന്ദീപ് ഫോണില്‍ വിളിച്ചു. ഇതാണ് സ്വപ്നയിലേക്കും സന്ദീപിലേക്കും എത്താന്‍ വഴി തുറന്നത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവില്‍ എത്തിയത്. ഭര്‍ത്താവും മക്കളും സ്വപ്നക്കൊപ്പം ഉണ്ടായിരുന്നു. ബംഗളൂരുവില്‍ എത്തിയത് എസ് ക്രോസ് കാറിലാണ്. സന്ദീപാണ് കാര്‍ ഓടിച്ചിരുന്നത്.
യാത്രാമധ്യ പല ഇടങ്ങളിലും ഇവര്‍ താമസിച്ചു. ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ പിന്നാലെ കോറമംഗലയിലെ ഒക്ടേവിലേക്ക് മാറി. ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ റൂം ബുക്ക് ചെയ്തത്. പിടിയിലാവുമ്പോള്‍ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത്.