സർക്കാർ നിയമനങ്ങൾ സുതാര്യമാകണം; സ്പ്രിംഗ്ളര്‍ വീഴ്ചകള്‍ പരിശോധിക്കണം: സിപിഐ

തിരുവനന്തപുരം:എല്ലാ സർക്കാർ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ സിപിഐ രൂക്ഷവിമർശനമുന്നയിച്ചത്.

കൺസൾട്ടിങ് ഏജൻസികൾ വഴി അനധികൃതമായി പലരും കടന്നുവരുന്നു. കണ്‍സള്‍ട്ടിങ് കമ്പനികള്‍ക്ക്, ബിസിനസ് താല്പര്യം മാത്രമാണ് ഉണ്ടാകുക. സര്‍ക്കാര്‍ നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം എന്നാണ് ലേഖനം പറയുന്നത്. സ്പ്രിംഗ്ലര്‍ ഇടപാടില്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തി കരാറുണ്ടാക്കിയെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഉണ്ടായത്. ഇടതുപക്ഷ മുന്നണിക്കോ ഗവണ്‍മെന്റിനോ, വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്നും സത്യൻ മൊകേരി പറയുന്നു.