ആലുവ: ആലുവയിൽ ആശങ്ക പടർത്തി 18 പേർക്ക് കൂടി കൊറോണ. കുട്ടമശേരി സ്വദേശിയായ കെട്ടിട നിർമ്മാണ കരാറുകാരന്റെ സമ്പർക്കത്തിൽ സ്രവം ശേഖരിച്ച 16 പേരിൽ 12 പേർക്കും ആലുവ നഗരസഭയിലെ രണ്ട് കണ്ടിജൻസി ജീവനക്കാർക്കും മാദ്ധ്യമ പ്രവർത്തകന്റെ സമ്പർക്കത്തിലുള്ള രണ്ട് പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മാർക്കറ്റ് സന്ദർശിച്ച ആലുവ സ്വദേശികളല്ലാത്ത രണ്ട് പേർക്ക് കൂടി ഇന്നലെ രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ ആലുവ മാർക്കറ്റ് കൊറോണ രോഗത്തിന്റെ പ്രധാന വ്യാപന കേന്ദ്രമായി മാറി.
23 വയസ്സുള്ള ആലുവ നഗരസഭയിലെ താത്കാലിക കണ്ടിജൻസി ജീവനക്കാരനാണ് ഇതിൽ ഒരാൾ. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളതാണ് 25 വയസ്സുള്ളയാളാണ് രണ്ടാമൻ. ഇയാൾ എടത്തല സ്വദേശിയാണ്. ജൂലൈ 10ന് രോഗം സ്ഥിരീകരിച്ച കുട്ടമശേരിയിലെ കരാറുകാരന്റെ ബന്ധുവിന്റെ വളയിടൽ ചടങ്ങിനെത്തിയ 11 , 5 ,45 ,17 ,21 ,9 ,13 ,16 ,42 ,36 ,47 ,69 വയസുള്ള 12 കുടുംബാംഗങ്ങൾക്കാണ് അസുഖം ബാധിച്ചത്. കൂടാതെ ഇതേ പരിപാടിയിൽ പങ്കെടുത്ത 38 വയസുള്ള കവളങ്ങാട് സ്വദേശിയ്ക്കും രോഗമുണ്ട്. കീഴ്മാട് കുട്ടമശേരി സ്വദേശിയുടെ സമ്പർകം വിപുലമായതിനാലാണ് രോഗബാധിതരുടെ എണ്ണവും കൂടിയത്.
ആലുവയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായ 67 വയസുള്ള കീഴ്മാട് സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. നൂറ് കണക്കിന് പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 64 വയസുകാരിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 35 വയസ്സുള്ള ചൂർണിക്കര സ്വദേശിയാണ് കൊറോണ ബാധിച്ച അടുത്തയാൾ. 27 വയസുള്ള ആലുവയിലുള്ള ഹോട്ടൽ ജീവനക്കാരനായ ചൂർണിക്കര സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച മാദ്ധ്യമപ്രവർത്തകനായ ആലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളയാളാണ് ഇയാൾ. ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 45 വയസ്സുള്ള സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശിയ്ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ ആലുവ മാർക്കറ്റ് സന്ദർശിച്ച 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശി, 51 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി എന്നിവർക്കും കൊറോണ പിടിപെട്ടു.