കോൺഗ്രസ് എംഎൽഎമാരെ 15 കോടി നൽകി വിലയ്ക്കെടുക്കാൻ ബിജെപി ശ്രമം: അശോക്​ ഗെഹ്​ലോട്ട്​

ജയ്​പൂർ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ രം​ഗത്ത്. ബി.ജെ.പി രാഷ്​ട്രീയം കളിച്ച്​ തന്റെ സർക്കാറിനെ താഴെയിറക്കാൻ ​​ശ്രമിക്കുന്നതായി അശോക്​ ഗെഹ്​ലോട്ട് ആരോപിച്ചു​. കോൺഗ്രസ്​ എം.എൽ.എമാരെ ബിജെപി വിലയ്ക്കെടുക്കാൻ ശ്രമിക്കുകയാണെന്നും ഒരു കോൺഗ്രസ്​ എം.എൽ.എക്ക്​ 10 മുതൽ 15 കോടി വരെ വാഗ്​ദാനം ചെയ്​തതായും അദ്ദേഹം ആരോപിച്ചു.

മഹാരാഷ്​ട്രയിലും കർണാടകയിലും മധ്യപ്രദേശിലും ഗുജറാത്തിലും ബി.ജെ.പി ഇത്തരം കുതിരക്കച്ചവടം നടത്തിയിരുന്നു. രാജസ്​ഥാനിലും അത്​ ആവർത്തിക്കാൻ പരിശ്രമിച്ചെങ്കിലും തടസ്സമായിരുന്നു ഫലം. സംഭവത്തിൽ ചീഫ്​ വിപ്പ്​ മഹേഷ്​ ജോഷി സ്​​പെഷൽ ഓപറേഷൻസ്​ ​ഗ്രൂപ്പിനും ആന്റി കറപ്​ഷൻ ബ്യൂറോക്കും പരാതി നൽകി. അതേസമയം സംഭവത്തിൽ ബി.ജെ.പി പ്രതികരിച്ചിട്ടില്ല.

ബി.ജെ.പി രാഷ്​ട്രീയ തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന കാരണത്താൽ കഴിഞ്ഞ ആഴ്​ച ചീഫ്​ വിപ്പും ഡെപ്യൂട്ടി ചീഫ്​ വിപ്പ്​ മഹേന്ദ്ര ചൗധരിയും ചേർന്ന്​ എം.എൽ.എമാരെക്കൊണ്ട്​ സത്യപ്രസ്​താവന ഒപ്പിട്ടുവാങ്ങിയിരുന്നു. 24 എം.എൽ.എമാർ പ്രസ്​താവനയിൽ ഒപ്പുവെക്കുകയും ചെയ്​തു. എന്തു തരത്തിലുള്ള പ്രകോപനമുണ്ടായാലും ഒരു കോൺഗ്രസ്​ എം.എൽ.എപോലും ബി.ജെ.പിയിലേക്ക്​ ചാടില്ലെന്നും കോൺഗ്രസ്​ സർക്കാർ കാലാവധി തികക്കുമെന്നും രാജ്യസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഒപ്പുവെച്ച പ്രസ്​താവനയിൽ പറയുന്നു. തെക്കൻ രാജസ്​ഥാനിലെ കുശാൽഗഡിലെ ഒരു എം.എൽ.എയെ ബി.ജെ.പി സ്വാധീനിക്കാൻ ശ്രമിച്ചതായാണ്​ വിവരം.