ബംഗളൂരു: ബംഗളൂരുവിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ ജില്ലകളിൽ ജൂലൈ 14ന് രാത്രി എട്ടു മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ആശുപത്രി, പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവക്ക് പ്രവർത്തിക്കാനുള്ള അനുമതിയും അവശ്യ സർവിസ് മേഖലയിൽ ജോലിയെടുക്കുന്നവർക്ക് യാത്ര ചെയ്യാനുമുള്ള അനുമതിയുമുണ്ടാകും.
നിലവിൽ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ഇതോടെ സമ്പൂർണ ലോക്ഡൗണിന് മുൻപ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിരിക്കും ഇളവുകളുണ്ടായിരിക്കുക. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ട്വിറ്ററിലൂടെ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടുമുതൽ ആരംഭിക്കുന്ന ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി.
രോഗവ്യാപനം രൂക്ഷമായി ദിവസങ്ങൾ പിന്നിട്ടിട്ടും ബംഗളൂരുവിൽ ലോക്ഡൗൺ പ്രഖ്യാപിക്കാത്തതിൽ വിവിധ കോണിൽനിന്ന് വിമർശനം നേരിട്ടിരുന്നു.
ലോക്ഡൗൺ നടപ്പാക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനം വൈകുകയായിരുന്നു.
ലോക്ഡൗൺ ഉണ്ടാകില്ലെന്നും എന്നാൽ, സാഹചര്യമനുസരിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളൂരുവിൽ സമ്പൂർണ ലോക്ഡൗൺ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചത്. ലോക്ഡൗൺ ആണെങ്കിലും മെഡിക്കൽ പി.ജി പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പോലെ നടക്കും.