ലഖ്നൗ: ഗുണ്ടാ നേതാവ് വികാസ് ദുബൈ കാൺപൂരിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് മജിസ്റ്റീരിയൽ അന്വേഷണം നടത്തും. സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശപ്രകാരം ഏറ്റുമുട്ടലുകളിൽ പ്രതികൾ കൊല്ലപ്പെട്ടാൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തണം. ഇതനുസരിച്ച് അന്വേഷണത്തിന് യുപി സർക്കാർ ഉത്തരവിടും. യോഗി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഏറ്റമുട്ടലിൽ കൊല്ലപ്പെടുന്ന 119 മാത്തെ പ്രതിയാണ് ദുബൈ. ഇതുവരെ നടന്ന 71 ഏറ്റുമുട്ടൽ കേസുകളുടെയും അന്വേഷണ റിപ്പോർട്ടുകൾ പൊലീസിന് അനൂകൂലമായിരുന്നു. 61 കേസുകളിൽ കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.
വികാസ് ദുബൈയുടെ ബിനാമി ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് വിവരം ശേഖരിച്ചു തുടങ്ങി. ദുബൈയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കാൺപൂർ ഏറ്റുമുട്ടലിൽ ദുബൈയുടെ കൂട്ടാളികളായിരുന്ന പ്രതികൾ മഹാരാഷ്ട്രയിൽ പിടിയിലായി.
വികാസ് ദുബൈയുടെ ഉറ്റ സഹായിയായ ഗുദ്ദൻ ത്രിവേദിയാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കടന്ന ഇയാളെയും ഡ്രൈവറെയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പിടികൂടിയത്. മധ്യപ്രദേശ് പൊലീസിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി വികാസ് ദുബൈയെ കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനിടെ ഇന്നലെയാണ് കൊല്ലപ്പെടുന്നത്.