പത്തനംതിട്ട; നഗരത്തിൽ കറങ്ങിയതിന് ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ പത്തനംതിട്ട നഗരത്തിന് ആശ്വാസമായി. തിങ്കളാഴ്ചയാണ് ചെന്നീർക്കര സ്വദേശി ക്വാറന്റീൻ ലംഘിച്ച് പത്തനംതിട്ട നഗരത്തിലെത്തിയത്. പറഞ്ഞിട്ട് അനുസരിക്കാതിരുന്നതോടെ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് ക്വാറന്റീൻ കേന്ദ്രത്തിൽ എത്തിച്ചത്.
മൂന്നാം തീയതിയാണ് ഇയാൾ റിയാദിൽ നിന്നെത്തിയത്. നിരീക്ഷണത്തിൽ കഴിയുന്നതിനിടെ വീട്ടുകാരോട് പിണങ്ങിയാണ് പുറത്തിറങ്ങിയത്. മുഖാവരണം ധരിക്കാതെ വാഹനത്തിലെത്തിയതിനാണ് ഇയാളെ പോലീസ് തടഞ്ഞത്. വിദേശത്തു നിന്നെത്തിയതാണെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രവർത്തകരെത്തി ആംബുലൻസിൽ കയറാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. നാല് ആരോഗ്യപ്രവർത്തകർ വട്ടംപിടിച്ചിട്ടും കുതറിയോടിയ പ്രവാസിയെ തുണികൊണ്ട് കൈയുംകാലും കെട്ടിയാണ് ആംബുലൻസിൽ കയറ്റിയത്. ഇദ്ദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണുള്ളത്.