സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; മരിച്ചത് പൂന്തുറ സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. പൂന്തുറ സ്വദേശി സെയ്ഫുദീനാ (63)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സെയ്ഫുദീൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു.

ഇയാളുടെ മറ്റൊരു മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസന്റീവിന്റെ അച്ഛനാണ് സെയ്ഫുദീന്‍. ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.

അതേസമയം സംസ്ഥാനത്ത് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ് തിരിച്ചറിഞ്ഞ പൂന്തുറയില്‍ സ്ഥിതി ഏറെ ദുഷ്കരമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ തന്നെ വ്യക്തമാക്കി. പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പ‌‌ർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണ്.

കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പൂന്തുറയ്ക്ക് പുറത്തും രോഗ വ്യാപനമുണ്ടായോ എന്നതാണ് ആശങ്കയ്ക്ക് കാരണം. വരാനിരിക്കുന്ന രണ്ടാഴ്ച നി‌ർണായകമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തൽ.