സ്വപ്‌ന സുരേഷിന് പങ്ക്; കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം; മുന്‍കൂര്‍ ജാമ്യം എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്വപ്‌ന സുരേഷിന് ഇതിൽ പങ്കുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വപ്‌നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന്, മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

കേസ് എന്‍ഐഎ ഏറ്റെടുത്തതിനാല്‍ ഹൈക്കോടതിക്കു മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ രവി പ്രകാശ് പറഞ്ഞു. സ്വപ്‌ന സുരേഷിന് സമന്‍സ് അയയ്ക്കാന്‍ കസ്റ്റംസ് പരമാവധി ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞില്ല. സ്വപ്ന ഫോണ്‍ ഓഫ് ചെയ്തു വച്ചിരിക്കുകയാണ്. അവരുടെ പെരുമാറ്റം സംശയകരമാണെന്ന് രവി പ്രകാശ് പറഞ്ഞു.

സരിത്, സന്ദീപ്, സ്വപ്‌ന എന്നിവര്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയെന്നാണ് വിവരം. സരിത്തിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദീപിന്റെ ഭാര്യയുടെയും മൊഴിയെടുത്തു. മൂന്നു പേരും സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇതില്‍നിന്നു ലഭിച്ച വിവരം. സ്വപ്‌നയുടെ മുന്‍കാല ചെയ്തികളും പരിഗമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് ഇതെന്ന് എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ രാംകുമാര്‍ പറഞ്ഞു.

കേസ് ഒരാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.