ന്യൂഡെൽഹി: സിബിഎസ്ഇ ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കിയതിനെതിരെ ഉണ്ടായ വിമര്‍ശനങ്ങളെ തള്ളി കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക്. രാഷ്ട്രീയത്തെ വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റിനിർത്തണം. അതേസമയം, രാഷ്ട്രീയ ചര്‍ച്ചകള്‍ കൂടുതല്‍ വിദ്യാഭ്യാസ പരമാകണമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള വിശുദ്ധ സേവനമാണ് വിദ്യാഭ്യാസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷയത്തെ ചിലര്‍ സെന്‍ഷേനലാക്കുകയാണെന്നും വിവരങ്ങള്‍ കൃത്യമായി അറിയാതെയാണ് വിമര്‍ശിക്കുന്നതെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. ചില ടോപ്പിക്കുകള്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയതിന് വിവരമില്ലാത്ത കമന്റുകള്‍ വരുന്നുണ്ടെന്നും സെന്‍സേഷണല്‍ ആക്കാന്‍ വേണ്ടി ചില ഭാഗങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനഭാരം കുറക്കുന്നതിനായാണ് 30 ശതമാനം സിലബസ് വെട്ടിച്ചുരുക്കിയത്. ഇതില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ വിമർശനങ്ങളാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.
എല്ലാ വിഷയങ്ങളിലെയും ചില ടോപ്പിക്കുകള്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും ചിലര്‍ക്ക് വിമര്‍ശനമില്ല. ചില വിഷയങ്ങളില്‍ നിന്ന് ഫെഡറലിസം, ദേശീയത, സെക്യുലറിസം, ലോക്കല്‍ ഗവണ്മെന്റ്, പൗരത്വം തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയത് ചിലര്‍ക്ക് തെറ്റായി വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. എന്നാല്‍, വിശാല അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ എല്ലാ വിഷയത്തില്‍ നിന്നും വെട്ടിച്ചുരുക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യമാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സിലബസ് വെട്ടിച്ചുരുക്കിയതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.