കൊടുംകുറ്റവാളി വികാസ് ദുബെയ്‌ക്കൊപ്പം ഒളിവില്‍ കഴിഞ്ഞ സഹായിക്ക് കൊറോണ

ഫരീദാബാദ്: കാൺപൂരില്‍ എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെയ്‌ക്കൊപ്പം ഒളിവില്‍ കഴിഞ്ഞ സഹായിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദുബെയ്‌ക്കൊപ്പം ഉണ്ടായിരുന്ന കാര്‍ത്തികേയ് എന്ന പ്രഭാതിനെ മറ്റ് രണ്ടുപേര്‍ക്കൊപ്പം‌ ഹരിയാണയിലെ ഫരീദാബാദില്‍നിന്നാണ് പോലീസ് ബുധനാഴ്ച രാവിലെ അറസ്റ്റുചെയ്തത്.

‌രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫരീദാബാദിലെ ഒരു വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് കൂട്ടാളികള്‍ പിടിയിലായത്. ഇവർക്കായി നടത്തിയ കൊറോണ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റു രണ്ടുപേരുടെ പരിശോധനാഫലം നെഗറ്റീവാണ്. അതിനിടെ, ഫരീദാബാദില്‍നിന്ന് രക്ഷപ്പെട്ട ദുബെ രാജസ്ഥാനില്‍ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്

ദുബെയോട് സാമ്യമുള്ള ഒരാള്‍ ഫരീദാബാദില്‍ ഹോട്ടല്‍ മുറി ബുക്കുചെയ്യാന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ പോലീസ് സ്ഥലത്തെത്തിയതോടെ സംഘം കടന്നുകളഞ്ഞു. പിന്നീട് ന്യൂ ഇന്ദിരാ നഗര്‍ കോംപ്ലെക്‌സിലെ ഒരു വീട്ടില്‍ ദുബെയും സംഘവും ഉണ്ടെന്ന വിവരമറിഞ്ഞ് ക്രൈംബ്രാഞ്ച് പ്രദേശം വളഞ്ഞുവെങ്കിലും സംഘം പോലീസിനുനേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ദുബെയുടെ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ പിടിയിലായത്.