അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി

വാഷിംഗ്ടൺ: കൊറോണ കേസുകള്‍ വര്‍ധിച്ചതോടെ ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി അമേരിക്ക പിന്‍വാങ്ങാന്‍ തീരുമാനിച്ചു. പിൻവാങ്ങൽ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തിങ്കളാഴ്ച മുതല്‍ പിന്‍വാങ്ങല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു. പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചു. അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങിയതായുള്ള അറിയിപ്പ് കോണ്‍ഗ്രസിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ആയ ബോബ് മെനന്‍ഡസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു.

കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് നല്‍കി വരുന്ന സാമ്പത്തികസഹായം മെയ് മാസത്തില്‍ മരവിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്‍വാങ്ങിയതിനാൽ ഡബ്യുഎച്ച്ഒയ്ക്ക് ഇനി അമേരിക്ക സാമ്പത്തിക സഹായം നൽകില്ല.

ലോകാരോഗ്യ സംഘടനയില്‍ നിന്നും ഒരു രാജ്യത്തിന് പുറത്തുപോകണമെങ്കില്‍ ഒരു വര്‍ഷം മുമ്പ് അറിയിക്കണമെന്നതാണ് ചട്ടം. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം ജൂലൈ ആദ്യം ആകും യുഎസ് പുറത്തേക്ക് പോവുക. ലോകാരോഗ്യ സംഘടനയില്‍ നിന്നും പുറത്തേക്ക് പോകുന്നതോടെ യുഎസ് നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങളും ഇനിമുതല്‍ ഉണ്ടാകില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ലോകാരോഗ്യ സംഘടനയെ വിമര്‍ശിക്കുകയും സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ചൈനയെ അനുകൂലിക്കുന്ന നിലപാടുകള്‍ എടുക്കുന്നെന്ന ആരോപണത്തിലാണ് ഈ നടപടി.

അതേസമയം
അമേരിക്കയില്‍ കൊറോണ രോഗവ്യാപനം രൂക്ഷമാവുകയാണ്. ഇതുവരെ 3,097,084 പേര്‍ക്കാണ് അമേരിക്കയില്‍ ആകെ റിര്‍പ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍. 1,33,972 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ഇതിനിടെയാണ് ലോകാരോഗ്യസംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്.