ന്യൂഡെൽഹി: കേന്ദ്രം ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ നികുതി അടയ്ക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച് അമേരിക്കന്‍ ടെക് ഭീമന്മാര്. ടാക്സിന്റെ ആദ്യ ഗഡു ഏപ്രില്‍ ഒന്നിനായിരുന്നു അടയ്ക്കേണ്ടിയിരുന്നത്. ഇതിന് കൂടുതല്‍ സമയം തരണമെന്നാണ് അവരുടെ ആവശ്യം. ഇന്ത്യ അടുത്തിടെ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ടാക്സ് അടയ്ക്കാന്‍ തയാറല്ലെന്നാണ് അമേരിക്കന്‍ ടെക്നോളജി ഭീമന്മാരെ പ്രതിനിധീകരിക്കുന്ന അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്.
കൊറോണ ബാധയാല്‍ മൂന്ന് മാസത്തോളമായി ബില്ലിംഗിലും മറ്റും ഉണ്ടാകുന്ന താമസമാണ് യുഎസ് കമ്പനികളുടെ പുതിയ നിലപാടിന് പിന്നില്‍ എന്നാണ് സൂചന. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് 2 ശതമാനം അധിക നികുതി നല്‍കണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. മാര്‍ച്ചിലാണ് ഇതിന്റെ ആദ്യഘടു അടയ്ക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. ആമസോണ്‍ പോലുള്ള ഇ-കോമേഴ്സ് സൈറ്റുകള്‍ക്ക് അടക്കം ബാധകമായതാണ് നിയമം. അതേ സമയം ഈ നികുതി സംവിധാനത്തില്‍ ഗൂഗിളിനും ആശങ്കയുണ്ട്.
വിദേശത്ത് നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കിയുള്ള പരസ്യവരുമാനത്തിനും ഇന്ത്യയില്‍ നികുതി നല്‍കണോ എന്ന ആശങ്കയിലാണ് ഗൂഗിള്‍. ഗൂഗിളിന്റെ ഇന്ത്യയിലെ വലിയ വരുമാന സ്രോതസുകളില്‍ ഒന്നായ യുട്യൂബ് തുടങ്ങിയ സേവനങ്ങള്‍ ഒക്കെ ഡിജിറ്റല്‍ നികുതിയുടെ പരിധിയില്‍ വരും.