‘സുരക്ഷിതമായ ഒളിവിൽ’ കഴിയുന്ന സ്വപ്‌ന ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകും

കൊച്ചി : ‘സുരക്ഷിതമായ ഒളിവിൽ’ കഴിയുന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ ചില ഉന്നതർ ബന്ധപ്പെട്ടു കഴിഞ്ഞു. എന്നാല്‍ പിന്നീട് ആശയവിനിമയം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് പുറത്തുള്ള അഭിഭാഷകരെയും കോടതിയില്‍ ഹാജരാകാന്‍ സ്വപ്‌നയുടെ ആളുകള്‍ സമീപിച്ചതായി സൂചനയുണ്ട്.

അതിനിടെ സ്വപ്ന സുരക്ഷിത വലയത്തിൽ കൊച്ചിയിൽ എത്തിയതായി സംശയമുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കേസ് കുരുക്കാകുമെന്നതിനാൽ ചില ശക്തമായ ഇടപെടൽ ഇക്കാര്യത്തിലുണ്ടായെന്നാണ് അറിയുന്നത്. അതിനിടെ കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ കസ്റ്റംസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറി. കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ, ഈ പണം എവിടേയ്ക്കാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഏതു വിവരവും വിശ്വസനീയമായ ഏജന്‍സിയ്ക്ക് കൈമാറുന്നതില്‍ തടസ്സമില്ല എന്നാണ് കസ്റ്റംസിന്റെ നിലപാട്.

കേസിന്റെ വിശദാംശങ്ങള്‍ തേടി സിബിഐ സംഘവും കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസിലെത്തിയിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനാണ് സിബിഐ സംഘം എത്തിയത്. സ്വര്‍ണ്ണക്കടത്തിലെ പ്രതി സരിത്തിനെ പിടികൂടിയതിന് പിന്നാലെ മുഖ്യആസൂത്രകയായ സ്വപ്‌ന സുരേഷ് ഒളിവില്‍ പോയിരുന്നു. അവരുടെ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയ കസ്റ്റംസ് സംഘം പെന്‍ഡ്രൈവ്, ലാപ്‌ടോപ് തുടങ്ങി നിരവധി തെളിവുകള്‍ കണ്ടെടുത്തിരുന്നു. ഒളിവിലുള്ള സ്വപ്നയെ കണ്ടെത്താൻ കസ്റ്റംസ് അടക്കമുള്ള ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.