കൊച്ചി: നയതന്ത്ര പാഴ്സലിലെ സ്വർണക്കടത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ത്രിതല അന്വേഷണത്തിന് സാധ്യത. രാജ്യത്തെ 3 മുൻനിര കുറ്റാന്വേഷണ ഏജൻസികൾ ഒരേസമയം അന്വേഷണം നടത്തുമെന്നാണ് സൂചന. കള്ളക്കടത്തും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ഇതിനൊപ്പം, രാജ്യസുരക്ഷയും രാജ്യാന്തര സ്വഭാവവും പരിഗണിച്ച് സിബിഐ, എൻഐഎ അന്വേഷണങ്ങൾ കൂടിയാണ് വരിക. ആവശ്യമെങ്കിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) എന്നിവയുടെ സഹായം തേടും. മുൻപ് സമാന കുറ്റാന്വേഷണം നടന്നത് 2 ജി സ്പെക്ട്രം കുംഭകോണത്തിലാണ്.
സാമ്പത്തിക വശം സംബന്ധിച്ച അന്വേഷണത്തിൽ കസ്റ്റംസിനൊപ്പം ആവശ്യമെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) റവന്യു ഇന്റലിജൻസും (ഡിആർഐ) ചേരും. മുഖ്യപ്രതി സ്വപ്ന സുരേഷിന് ഐഎസ്ആർഒ സഹകരണത്തോടെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന സ്പേസ് പാർക്കിൽ ജോലി ലഭിച്ച സാഹചര്യം അതീവഗൗരവത്തോടെയാണ് എൻഐഎ പരിശോധിക്കുന്നത്.
യുഎഇ കോൺസുലേറ്റിലെ ഉദ്യോഗം നഷ്ടപ്പെട്ട ഉടൻ സംസ്ഥാന ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാർക്കിൽ കയറിപ്പറ്റിയതിനു പിന്നിൽ സ്വർണക്കടത്തു റാക്കറ്റ് നടത്തിയ ചരടുവലിയുടെ തെളിവുകൾ അന്വേഷണ സംഘങ്ങൾക്കു ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പങ്ക് സംബന്ധിച്ച് സിബിഐയും തെളിവു ശേഖരണം തുടങ്ങി.