സംസ്ഥാനത്ത് പാരാമിലിറ്ററി വിഭാഗത്തിലെ 104 പേർക്കു കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാരാമിലിറ്ററി വിഭാഗത്തിലെ 104 പേർക്കു കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2252. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 2,04,452 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 60.006 സാംപിളുകള്‍ ശേഖരിച്ചതില്‍ 57,804 സാംപിളുകള്‍ നെഗറ്റീവ് ആയി.

ഹോട്സ്പോട്ടുകൾ 157 എണ്ണമായി. അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും. ദിവസേനയുള്ള പോക്കുവരവ് അനുവദിക്കില്ല. പ്രത്യേകിച്ച് മഞ്ചേശ്വരം ഭാഗത്ത്. ഇവിടെനിന്ന് ദിവസേന മംഗലാപുരം ഭാഗത്ത് പോകുന്നവരുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് പോകുന്നവർ ദിവസേനയെന്നതു മാസത്തിൽ ഒരിക്കൽ പോയിവരേണ്ടിവരും. ഐടി മേഖലകളിൽ മിനിമം പ്രവർത്തന സൗകര്യം അനുവദിക്കും. മന്ത്രിമാരുടെ ഓഫിസുകളിൽ മിനിമം സ്റ്റാഫിനെ നിർത്തിക്കൊണ്ട് പ്രവർത്തിക്കുന്ന നില സ്വീകരിക്കും. താമസത്തിനിടെ രോഗം പകരാതിരിക്കാൻ ശ്രദ്ധ ചെലുത്താൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.