ന്യൂഡെല്‍ഹി: ഒക്ടോബര്‍ 4ന് നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍സ് പരീക്ഷ 2020 എന്നിവയുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്കാന് കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന് (യു.പി.എസ്.സി.) തീരുമാനിച്ചു. (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് (പ്രിലിമിനറി) എക്സാം 2020 ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാനുള്ള അഭ്യര്‍ഥന കണക്കിലെടുത്താണ് യു.പി.എസ്.സിയുടെ പുതിയ തീരുമാനം.
ഇതു പ്രകാരം വിദ്യാര്‍ഥികള്‍ക്ക് അവരുടെ കേന്ദ്രങ്ങള്‍ മാറ്റി സമര്‍പ്പിക്കാനുള്ള അവസരം ലഭിക്കും. ഇവ കൂടാതെ സിവില്‍ സര്‍വീസ് (മെയിന്‍) പരീക്ഷ, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷ, എന്നിവയുടെ കേന്ദ്രങ്ങള്‍ മാറ്റി നല്‍കാനും ഉള്ള ഓപ്ഷനും വിദ്യാര്‍ഥികള്‍ക്കു ലഭിക്കും. പുതുക്കിയ പരീക്ഷാ കേന്ദ്രങ്ങള്‍ സമര്‍പ്പിക്കാനായുള്ള ജാലകം ജൂലൈ 7 മുതല്‍ ജൂലൈ 13 വരെയും ജൂലൈ 20 മുതല്‍ ജൂലൈ 24 വരെയും കമ്മീഷന് വെബ്സൈറ്റില്‍ രണ്ടു ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കും.
മെയ് 31 ന് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു എങ്കിലും രാജ്യത്തെ കൊറോണ വ്യാപനം കണക്കിലെടുത്തുള്ള ലോക്ഡൗണ്‍ മൂലം ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു. എല്ലാ വര്‍ഷവും സിവില്‍ സര്‍വീസ് പരീക്ഷകള്‍ മൂന്നു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്സ് (ഐ.എ.എസ്.), ഇന്ത്യന്‍ ഫോറിന് സര്‍വീസ് (ഐ.എഫ്.എസ്.), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്.) എന്നിവക്കായി തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് പ്രിലീംസ്, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ ആണ് പരീക്ഷകള്‍.