കാൺപൂർ: എട്ട് പോലീസുകാരെ വെടിവച്ചു കൊന്ന കാൺപൂർ ഏറ്റുമുട്ടൽ കേസിലെ പ്രതിയും കൊടും കുറ്റവാളിയുമായ വികാസ് ദുബൈയുടെ തലയ്ക്ക് പ്രഖ്യാപിച്ച ഇനാം ഇരട്ടിയാക്കി ഉത്തർപ്രദേശ് പോലീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്ന തുക യു. പി പോലീസ് രണ്ടര ലക്ഷം ആക്കിയാണ് ഉയർത്തിയിരിക്കുന്നത്.
അതേ സമയം ഗുണ്ടാ നേതാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൗഭേപൂർ പോലീസ് സ്റ്റേഷനിലേ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇതേ സ്റ്റേഷനിലെ എസ് ഒ ക്ക് നേരത്തെ സസ്പെൻഷൻ ലഭിച്ചിരുന്നു. സസ്പെൻഷനിലായ എസ് ഐ കുൻവാർപാൽ, എസ് ഐ കൃഷ്ണ കുമാർ, ശർമ, കോൺസ്റ്റബിൾ രാജീവ് എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് കാൺപൂർ എസ് എസ് പി ദിനേശ് കുമാർ പി പറഞ്ഞു. ഇവർക്കെതിരായ എഫ് ഐ ആർ. രജിസ്റ്റർ ചെയ്യുമെന്നും കൂടുതൽ അന്വേഷണത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞാൽ തുടർ നടപടികൾ എടുക്കുമെന്നും എസ് എസ് പി അറിയിച്ചു.
ജൂലായ് മൂന്നിനാണ് 2001 ഇൽ സിവ്‌ലി പോലീസ് സ്റ്റേഷനിൽ വച്ച് മുൻ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ പ്രതി വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള റെയ്ഡിൽ വെടി വെപ്പ് നടന്നത്. പ്രതി വികാസ് ദുബെയുടെ ഭാര്യ റിച്ച ഭർത്താവിനെ ക്രിമിനൽ പ്രവർത്തനങ്ങളിൽ സഹായിച്ചിരുന്നതായും പോലിസ് സംശയിക്കുന്നു.
കാൺപൂർ ദേഹട്ടിലെ ശിവ്‌ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബ്രികു ഗ്രാമത്തിലായിരുന്നു പൊലീസ് സംഘത്തിന്റെ പരിശോധന. എട്ട് പൊലീസുകാരാണ് വെടി വെയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 80 മണിക്കൂറോളം കഴിഞ്ഞിട്ടും ദുബെയെ കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.