വാഷിംഗ്ടൺ: കൊറോണ വൈറസ് വായുവിലൂടെ പറന്നു പടരുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രലോകം. കൊറോണ വായുവിലൂടെ പടരുമെന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു . ഇതിന്റെ അടിസ്ഥാനത്തിൽ കൊറോണ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ലോകാരോഗ്യ സംഘടനയോട് ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു.
32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരാണ് തങ്ങളുടെ നിരീക്ഷണം പുറത്തുവിട്ടത്. വൈറസ് വായുവിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകൾ നിരത്തി ലോകാരോഗ്യ സംഘടനയെ ഇവർ അറിയിച്ചു. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഒരു ശാസ്ത്ര ജേണൽ പ്രസിദ്ധീകരിക്കാനും ഗവേഷക സംഘം ലക്ഷ്യമിടുന്നുണ്ട്.
പ്രാഥമികമായി വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെയോ, അയാൾ സ്പർശിച്ച പ്രതലത്തിലൂടെയോ ആകും രോഗം മറ്റുള്ളവർക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. കൊറോണ വൈറസ് വായുവിലൂടെ വർധിക്കുകയും ശ്വസിക്കുമ്പോൾ ആളുകളെ ബാധിക്കുകയും ചെയ്യും. വായുവിലൂടെ രോഗം പടരും എന്നതിന്റെ ശാസ്ത്രീയമായ തെളിവുകളെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്നും ഇത് മുൻനിർത്തി ലോകാരോഗ്യ സംഘടന കൊറോണ പ്രോട്ടോക്കോൾ കൂടുതൽ കർശനമാക്കണമെന്നുമാണ് വിദഗ്ധ സംഘത്തിന്റെ ആവശ്യം.
അതേസമയം വൈറസ് വായുവിലൂടെ .പകരുമെന്നതിനുള്ള തെളിവുകൾ ബോധ്യപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത ഞങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പലതവണ പറഞ്ഞിരുന്നു. എന്നാൽ ഇത്തരമൊരു സാധ്യതയ്ക്ക് വ്യക്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ തലവൻ ഡോ. ബെനെഡെറ്റ അലെഗ്രാൻസി ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കി.
സ്കൂളുകൾ, നഴ്സിംഗ് ഹോമുകൾ, വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയിലെ വെന്റിലേഷൻ സംവിധാനങ്ങൾ വായു പുനക്രമീകരിക്കുന്നത് കുറയ്ക്കുകയും ശക്തമായ പുതിയ ഫിൽട്ടറുകൾ ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്. വീടുകൾക്കുള്ളിൽ വൈറസ് കണങ്ങൾ സജീവമായാൽ കൊല്ലാൻ അൾട്രാവയലറ്റ് ലൈറ്റുകൾ ആവശ്യമായി വന്നേക്കാം.
ഈ സാഹചര്യത്തിൽ വീടിനുള്ളിൽ പോലും മാസ്കുകൾ ആവശ്യമായി വന്നേക്കാം. വൈറസ് പടരാൻ വായു ഒരു ഘടകമാണെങ്കിൽ, പ്രത്യേകിച്ച് വായുസഞ്ചാരമില്ലാത്ത തിരക്കേറിയ സ്ഥലങ്ങളിൽ വൈറസ് വ്യാപന സാധ്യത കൂടുതലാണ്. ആരോഗ്യ പ്രവർത്തകരടക്കം കൊറോണ രോഗികളെ പരിചരിക്കുന്നവർക്ക് ചെറിയ ശ്വസന തുള്ളികൾ പോലും ഫിൽട്ടർ ചെയ്യുന്ന എൻ 95 മാസ്കുകൾ ധരിച്ചാലേ വൈറസ് ആക്രമണത്തിൽ നിന്ന് രക്ഷനേടാനാവൂ.