ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതോടെ എല്ലാ സംസ്ഥാനങ്ങളിലും ഭീതി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയെത്തുടര്‍ന്ന് 425 പേര്‍ മരിച്ചു. ഇതോടെ 19,693 പേരാണ് കൊറോണ പിടിപെട്ടു മരിച്ചത്. ഇന്നലെ മാത്രം ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത് 24,248 പേര്‍ക്ക്. രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 6,97,413 പേര്‍ക്കാണ്. ഇതില്‍ 2,53,287 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 4,24,433 പേര്‍ രോഗമുക്തി നേടി.
രോഗബാധയുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ മറികടന്നു. രോഗികളുടെ എണ്ണം റഷ്യയിൽ 6.81 ലക്ഷമാണ്. അതേസമയം ഇന്ത്യയിലെ രോഗികളുടെ എണ്ണം 6.97 ലക്ഷം കവിഞ്ഞു. എന്നാൽ റഷ്യയിലേതിനേക്കാൾ ഇരട്ടിയാണ് ഇന്ത്യയിലെ കൊറോണ മരണം. റഷ്യയിൽ 10,161 പേരാണ് മരിച്ചത്. അതേസമയം ഇന്ത്യയിൽ ഇതുവരെ മരണം 20,000ന് അടുത്തെത്തി. മരണ നിരക്കിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളിൽ എട്ടാമതാണ്.
ഇന്ത്യയ്ക്ക് മുന്നിലുള്ള ബ്രസീലിൽ 15 ലക്ഷത്തിനും അമേരിക്കയിൽ 28 ലക്ഷത്തിനും മുകളിലാണ് കൊറോണ കേസുകൾ. ഞായറാഴ്ച രാജ്യത്ത് റിക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 25,000 കേസുകൾ. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് സ്ഥിതി ഏറെ ഗുരുതരം. മഹാരാഷ്ട്രയിൽ ഇന്നലെ ഏഴായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4,200 ൽ അധികം പേർക്കും ഡൽഹിയിൽ 2,500 ലേറെ പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.