കൊളംബോ: ശ്രീലങ്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുശാൽ മെൻഡിസ് അറസ്റ്റിൽ. താരം ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ് മെൻഡിസ് അറസ്റ്റിലായത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ പനദുരയിലാണ് സംഭവം. സൈക്കിളിൽ യാത്ര ചെയ്തിരുന്ന 74 കാരനാണ് മെൻഡിസിൻ്റെ വാഹനം ഇടിച്ച് മരിച്ചത്. ഞായറാഴ്ച പുലർച്ചയോടെ നടന്ന സംഭവത്തിൽ യാത്രക്കാരൻ തത്ക്ഷണം മരിച്ചു.
ശ്രീലങ്കക്കായി 44 ടെസ്റ്റുകളും 76 ഏകദിനങ്ങളും കളിച്ച മെൻഡിസ് യഥാക്രമം 2995, 2167 റൺസ് നേടി. 26 ടി20 മത്സരങ്ങള്‍ ലങ്കന്‍ ജേഴ്സിയണിഞ്ഞ കുശാല്‍ 484 റണ്‍സും നേടി. അടുത്തിടെ പരിശീലനം തുടങ്ങിയപ്പോള്‍ ശ്രീലങ്കന്‍ ക്യാംപിലുണ്ടായിരുന്നു കുശാല്‍. കൊറോണ പ്രതിസന്ധിക്ക് ശേഷം പരിശീലനം പുനരാരംഭിച്ച ശ്രീലങ്കൻ ദേശീയടീമിന്റെയും ഭാഗമാണ് 25കാരനായ താരം. വൈറസ് വ്യാപനം കാരണം ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം അടക്കം മത്സരങ്ങളെല്ലാം മാറ്റി വെച്ചിരിക്കുകയായിരുന്നു.