കോടിയേരി ചരിത്രം പഠിക്കണം; വരുന്നവരേയും പോകുന്നവരെയും ഉൾപ്പെടുത്തിയല്ല മുന്നണി ശക്തിപ്പെടുത്തേണ്ടത്; കാനം

കൊച്ചി: വരുന്നവരേയും പോകുന്നവരെയും ഉൾപ്പെടുത്തിയല്ല മുന്നണി ശക്തിപ്പെടുത്തേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
65ലെ ചരിത്രം കോടിയേരി ബാലകൃഷ്ണൻ ഒന്നു കൂടി വായിച്ചു പഠിക്കേണ്ടതായിട്ടുണ്ട്. നിലവിൽ ജോസ് കെ മാണിയുടെ പാർട്ടി യുപിഎ ഗവൺമെന്റിന്റെ എംപിമാർ അടങ്ങുന്നതാണ്. അതുപേക്ഷിക്കാൻ അവർ തയാറായാൽ എൽഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

മുൻപ് എംപി വീരേന്ദ്രകുമാറിന്റെ പാർട്ടി എൽഡിഎഫിലേക്ക് വരുമ്പോൾ യുഡിഎഫിൽ നിന്നും ലഭിച്ച എല്ലാ അധികാരങ്ങളും ഇട്ടെറിഞ്ഞിരുന്നു. രാജ്യസഭാ അംഗത്വം വരെ അവർ എൽഡിഎഫിലേക്ക് വരുന്നതിനു മുൻപ് ഉപേക്ഷിച്ചിരുന്നതായും കാനം രാജേന്ദ്രൻ പറഞ്ഞു.

മാത്രമല്ല, ജോസ് കെ മാണി അവരുടെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും നിലവിൽ ജോസ് വിഭാഗം മുന്ന് മുന്നണികളുമായും നെഗോഷിയേറ്റ് ചെയ്യുന്ന പാർട്ടിയാണെന്നും കാനം രാജേന്ദ്രൻഡ വിശദീകരിച്ചു. നിലവിൽ നിലപാടിലുറച്ച് നിന്നുകൊണ്ട് സാമൂഹ്യ അകലം പാലിക്കാനാണി തീരുമാനമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

ഞങ്ങൾക്ക് ആവശ്യത്തിനുള്ള പിൻതുണയുണ്ട്. തുടർ ഭരണം ഉറപ്പാക്കി എൽഡിഎഫ് മുന്നോട്ട് പോകും. മാധ്യമ സർവേയുടെ അടിസ്ഥാനത്തിലല്ല ഇടതു പക്ഷ പാർട്ടികൾ പ്രവർത്തിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ജനങ്ങളുടെ ഇടയിൽ അതിനുള്ള സ്വാധീനം സർവേയില്ലാതെ തന്നെ അറിയാനുള്ള സ്വാധീനം സിപിഐയ്ക്കും സിപിഎമ്മിനുമുണ്ട്. ഗ്രാസ് റൂട്ട് ലെവലിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് തുടർഭരണം ഉണ്ടാകുമെന്നുള്ളതാണ്. അതിനെ ദുർബലപ്പെടുത്തുവാനുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടാകാൻ പാടില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

സിപിഐഎം അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണല്ലോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്നായിരുന്നു മറുപടി.