കാലിക്കട്ടിൽ എസ്എഫ്ഐ മുൻ നേതാവിന് 10 വർഷത്തിന് ശേഷം മാർക്ക് ദാനം; നടപടി മുൻ വിസിയുടെ ഉത്തരവ് തള്ളി

തിരുവനന്തപുരം: എസ്എഫ്ഐ മുൻ വനിതാ നേതാവിന് പരീക്ഷയെഴുതി 10 വർഷത്തിന് ശേഷം കാലിക്കട്ട് സർവ്വകലാശാലാ 21 മാർക്ക് കൂട്ടി നൽകി. 2009 ൽ എംഎ പരീക്ഷ പാസ്സായ മുൻ എസ്എഫ്ഐ വനിതാ സംസ്ഥാന നേതാവിനാണ് മുൻ വിസിയുടെ ഉത്തരവ് തള്ളി പത്തുവർഷം കഴിഞ്ഞ് 21 മാർക്ക് ദാനമായി നൽകിയത്. നടപടി പുറത്തായതോടെ വിവാദമായി.

2009 ലെ എംഎ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് തിരികെ വാങ്ങി, ഭേദഗതി ചെയ്ത പുതിയ മാർക്ക്‌ ലിസ്റ്റ് പരീക്ഷാ ഭവൻ നൽകി.ഇപ്പോൾ യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകനിയമനം നേടിയിട്ടുള്ള മുൻ വിദ്യാർത്ഥി നേതാവിന്, സ്ഥിരം അധ്യാപക നിയമനതിനുള്ള ഇന്റർവ്യൂവിൽ യോഗ്യത പരീക്ഷയ്ക്കുള്ള ഇൻഡക്സ് മാർക്ക്‌ കൂട്ടി ലഭിക്കുന്നതിനുവേണ്ടിയാണ് രഹസ്യമായി മാർക്ക്‌ ദാനം നൽകിയതെന്നാണ് ആക്ഷേപം.

സിപിഎം ന് ആധിപത്യമുള്ള സിണ്ടിക്കേറ് കമ്മിറ്റി നിലവിൽ വന്നതോടെയാണ് യൂണിവേഴ്സിറ്റി റെഗുലേഷൻ മറികടന്നുള്ള തീരുമാനം കൈകൊണ്ടത്. 2007- 2009 വർഷം സർവകലാശാലയുടെ വിമൻസ് സ്റ്റഡീസ് വകുപ്പിൽ എം എ കോഴ്സിന് പഠിച്ചിരുന്ന എസ്എഫ്ഐ മുൻ സംസ്ഥാന നേതാവ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മാർക്ക് ദാനം നടത്തിയത്.

മതിയായ ഹാജർ ഇല്ലാത്ത വിദ്യാർഥികൾക്ക് ഹാജറിനുള്ള മാർക്ക് നൽകാൻ പാടില്ലെന്ന് സർവ്വകലാശാല റഗുലേഷൻ വ്യവസ്ഥ ചെയ്യുന്നു. . പ്രസ്തുത വ്യവസ്ഥ മറികടന്ന് എല്ലാ പേപ്പറിനും തനിക്ക് മുഴുവൻ മാർക്കും നൽകണമെന്ന വിദ്യാർഥിനേതാവിന്റെ 2009 ലെ അപേക്ഷ അന്നത്തെ വൈസ് ചാൻസലർ ഡോക്ടർ അൻവർ ജഹാൻ സുബേരി തള്ളിക്കളഞ്ഞിരുന്നു.

സിപിഎം സിൻഡിക്കേറ്റ് നിലവിൽവന്നതോടെ, വിദ്യാർഥിനിയുടെ പുതിയ അപേക്ഷ പരിഗണിച്ച സിണ്ടിക്കേറ്റിന്റെ സ്ഥിരം സമിതി 21 മാർക്ക് അധികമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. മുൻ വിസി യുടെ ഉത്തരവ് മറച്ചുവയ്ക്കുന്നതിനുവേണ്ടി വകുപ്പ് മേധാവിയായിരുന്ന പ്രൊഫസ്സറെ നീക്കി ചട്ടവിരുദ്ധമായി ഒരു ജൂനിയർ അധ്യാപികയെ വകുപ്പ് മേധാവിയായി നിയമിച്ച ശേഷമാണ് അധിക മാർക്ക്‌ നൽകുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുത്തത്.

ദാനമായി നൽകിയത് 21മാർക്ക്

എംഎയുടെ മൂന്നാം സെമസ്റ്ററിന് അഞ്ച് പേപ്പറാണുള്ളത്. ഓരോ പേപ്പറിനും ഹാജറിന്റെ അടിസ്ഥാനത്തിൽ ഈ വിദ്യാർഥിനിക്ക് നാലിൽ മൂന്ന് മാർക്കുവീതം നൽകിയിരുന്നു. നാലാം സെമെസ്റ്ററിൽ ഹാജർ ഇല്ലാതെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ എഴുതുന്നവർക്ക് ഒരു മാർക്കും നല്കാൻ പാടില്ലെന്ന യൂണിവേഴ്സിറ്റി റെഗുലേഷൻ പ്രകാരം ഹാജരില്ലാതിരുന്ന ഈ വിദ്യാർഥിനിക്ക് മാർക്കിന് അർഹത ഇല്ലാതായി. നാലാം സെമെസ്റ്ററിൽ നാലു പേപ്പറുകളാണ് ഉള്ളത്. സിൻഡിക്കേറ്റ് കമ്മറ്റി മൂന്ന് മാർക്ക്‌ വീതംകിട്ടിയ മൂന്നാം സെമസ്റ്ററിലെ അഞ്ച് പേപ്പറുകൾക്കും നാലുമാർക്ക് വീതവും, മാർക്ക്‌ നല്കിയിട്ടില്ലാത്ത നാലാം സെമസ്റ്ററിലെ നാലുപേപ്പറുകൾക്കും നാലു മാർക്ക്‌ വീതവും നൽകാൻ തീരുമാനിച്ചതോടെ 5+16=21 മാർക്ക്‌ കൂടുതൽ നൽകി പുതിയ മാർക്ക്‌ ലിസ്റ്റ് നൽകുകയാണുണ്ടായത്.

യൂണിവേഴ്സിറ്റി റെഗുലേഷന് വിരുദ്ധമായി മാർക്ക് ദാനം നൽകിയ നടപടി റദ്ദാക്കണമെന്നും ചട്ടവിരുദ്ധമായി മാർക്ക്‌ ദാനം നൽകിയ യൂണിവേഴ്സിറ്റി അധികൃതർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.