നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; മൂന്നു പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശരത്, അബുബക്കര്‍, ഹാരിസ് എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

രാജ്യം വിട്ടു പോകരുത്, ഒരുലക്ഷം രൂപ കെട്ടിവയ്ക്കണം, ആഴ്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പതുപേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ടു ടിക് ടോക് താരത്തെ ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് സ്വദേശിയായ യാസിറിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഷംനയെ കബളിപ്പിക്കാനായി ഇയാളുടെ ചിത്രമാണ് പ്രതികള്‍ ഉപയോഗിച്ചത് എന്നാണ് വിവരം. എന്നാല്‍ ഷംന കാസിമുമായി തനിക്ക് ബന്ധമില്ലെന്നും പൊലീസ് വിളിപ്പിച്ചതുകൊണ്ട് മാത്രമാണ് താന്‍ കൊച്ചിയിലെത്തിയതെന്നും യാസിര്‍ മാധ്യമങ്ങളോട് പറഞ്ഞു.